ലോഹിതായനം

     'കിരീട'ത്തിന്റെ ക്ലൈമാക്സിൽ കീരിക്കാടൻ ജോസിനെ കത്തിയെടുത്ത് കുത്തുകയാണ് സേതു... ആച്ഛനായ അച്യുതൻ നായർ സേതുവിനോട് "മോനേ കത്തി താഴെയിടടാ" എന്ന് പറഞ്ഞു കൊണ്ട് ഓടി വരുന്നുണ്ട്... മകനോടുള്ള അയാളുടെ ആ അപേക്ഷയിൽ സ്നേഹവും വത്സല്യവും നിഴലിക്കുന്നത് കാണാം...
അടുത്ത രംഗത്തിൽ "കത്തി താഴെയിടാനാ പറഞ്ഞത്" എന്നുറക്കെ പറയുകയാണ് അച്യുതൻ നായർ...അച്ഛനെ അനുസരിക്കാത്ത മകനോടുള്ള ശാസനയാണത്... സേതു അച്യുതൻ നായരുടെ നേർക്ക് "അടുക്കരുത്" എന്ന് കത്തി നീട്ടി ആക്രോശിക്കുമ്പോൾ ദുഖം മുഴുവൻ കലങ്ങിയ കണ്ണുകളിലും കണ്ഠത്തിലുമൊളിപ്പിച്ച് "മോനേ കത്തി താഴെയിടടാ" എന്ന് അച്യുതൻ നായർ ഒരിക്കൽ കൂടി പറയുന്നുണ്ട്...അവിടെ ശാസന വീണ്ടും അപേക്ഷയുടെ സ്വരം സ്വീകരിക്കുന്നത് കാണാം...ഇതു വരെയുള്ള രംഗങ്ങളിൽ വലിയ അസാധാരണത്വമൊന്നും പറയാനില്ല..

     ഒടുവിൽ അച്യുതൻ നായർ നെഞ്ചിൽ കൈവെച്ച് "നിന്റച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ" എന്ന് പറയുന്ന വാചകത്തോടെയാണ് ആ രംഗം അസാധാരണത്വം കൈവരിക്കുന്നത്.
"നിന്റച്ഛനാടാ" എന്നുള്ള വാക്കിനാണ് അവിടെ പ്രസക്തി...വേണമെങ്കിൽ അതിനു പകരമായി നമ്മുടെ കുടുംബത്തെ ഓർത്തെന്നോ, അമ്മയെ ഓർത്തെന്നോ പറഞ്ഞു വെക്കാമായിരുന്നു...

     മകനെ വളർത്തി, വലുതാക്കി, പഠിപ്പിച്ച്, പോലീസാകാൻ പ്രോത്സാഹിപ്പിച്ച് അവനെ സല്യൂട്ട് അടിക്കുന്ന നാളും കാത്തിരുന്ന ഒരച്ഛൻ തന്റെ മകനെക്കുറിച്ച് നെയ്തെടുത്ത എല്ലാ സ്വപ്നങ്ങളും അവസാനിച്ചു എന്ന് മനസ്സിലാക്കുകയും അവനൊരു കൊലപാതകിയായി മാറാൻ പോവുകയാണെന്നറിയുകയും ചെയ്യുമ്പോൾ നടത്തുന്ന നിസ്സഹായമായ ഒരു നിലവിളിയാണത്. അച്ഛൻ പറയുന്നതിനപ്പുറം തന്റെ മകന് സഞ്ചരിക്കാനാവില്ലെന്ന ഉറച്ച വിശ്വാസം തങ്ങി നിൽക്കുന്നുണ്ട് ആ വാക്കുകളിൽ....തന്റെ മകന് എറ്റവും പ്രിയപ്പെട്ടവൻ താനാണെന്ന പ്രതീക്ഷയും...

     ഇതുപോലെ എത്രയോ രംഗങ്ങൾ... കഥാപാത്രങ്ങൾ... കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെ ഇത്രത്തോളം തൂലികത്തുമ്പിലേക്കാവാഹിച്ച മറ്റൊരു കഥാകൃത്തുണ്ടാവില്ല മലയാളത്തിൽ.... ലോഹിതദാസ് ഓർമ്മയായിട്ട് ഇന്നേക്ക് ഏഴാണ്ട്...

Archive

കോൺടാക്റ്റ് ഫോം

അയക്കുക