ദ സെയിൽസ് മാൻ | The Salesman

     ഈ ചിത്രത്തിന്റെ സംവിധായകനായ അസ്ഗർ ഫർഹാദി നമുക്ക് മുന്നിലേക്ക് ഒരു കൂട്ടം കാഴ്ചകൾ ഇട്ടു തരുന്നുണ്ട്. നമ്മൾ കണ്ട കാഴ്ചകളുടെ അർത്ഥവും വ്യാപ്തിയുമെല്ലാം  തീരുമാനിക്കേണ്ടതും നാം തന്നെയാണ്.ഫർഹാദിയുടേതടക്കമുള്ള പല ഇറാനിയൻ സിനിമകളുടെയും ശൈലി ഈ വിധമാണെന്ന് നമുക്കറിയാവുന്നതുമാണ്.

     ഇമാദ് ഒരദ്ധ്യാപകനും തിയേറ്റർ ആർട്ടിസ്റ്റുമാണ്. ആർതർ മില്ലറുടെ നാടകമായ 'ഡെത്ത് ഓഫ് എ സെയിൽസ്മാനി'ലെ കേന്ദ്രകഥാപാത്രമായ വില്ലി ആയാണ് അയാൾ നാടകത്തിൽ വേഷമിടുന്നത്. വില്ലിയുടെ ഭാര്യയായ ലിൻഡയുടെ വേഷം കൈകാര്യം ചെയ്യുന്നത് ഇമാദിന്റെ ഭാര്യയായ റാണയാണ്. സ്വാഭാവികമായും നാടകവും അതിലെ കഥാപാത്രങ്ങളും ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു. ഒരു പക്ഷേ ഈ നാടകത്തിന്റെ കഥയിൽ നിന്ന് തന്നെയാവണം ചലച്ചിത്രത്തിന്റെയും ഉൽപ്പത്തി.

     ഇമാദും റാണയും പുതിയൊരു ഫ്ലാറ്റിലേക്ക് താമസം മാറുന്നതോടെ അവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. അവരുടെ പുതിയ വാസസ്ഥലത്ത് മുമ്പ് താമസിച്ചിരുന്ന സ്ത്രീ മോശം സ്വഭാവത്തിനുടമായയത് കാരണം അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഇമാദിനും റാണയ്ക്കുമാണ്. അത് അവരുടെ സ്വൈര്യജീവിതത്തിന്റെ കടിഞ്ഞാൺ പൊട്ടിക്കുകയും ഇരുവരും മാനസിക സംഘർഷങ്ങളാൽ ഉരുകിപ്പുകയുന്നതിന് കാരണമാവുകയും ചെയ്യുന്നു.

     ഈ ചിത്രം 2017 ൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാഡമി പുരസ്‌കാരത്തിന് അർഹമായി. ഏഴ് മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായി സംവിധായകനായ അസ്ഗർ ഫർഹാദിയും ചിത്രത്തിലെ നായികയായ തരാനെ അലിദൂസ്തിയും ഓസ്കാർ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

  • രാജ്യം : ഇറാൻ
  • ഭാഷ : പേർഷ്യൻ
  • വർഷം : 2016
  • വിഭാഗം : ഡ്രാമ
  • സംവിധാനം : അസ്ഗർ ഫർഹാദി

Archive

കോൺടാക്റ്റ് ഫോം

അയക്കുക