റോപ്പ് | Rope

     ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ചലച്ചിത്രമെന്ന് പ്രേക്ഷകന് തോന്നും വിധത്തിൽ ഒരു സിനിമയൊരുക്കുക എന്നത് ആ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വളരെയേറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. ആ പ്രത്യേകതയാണ് റോപ്പ് എന്ന ഹിച്ച്കോക്ക് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. പത്ത് മിനിറ്റ് വീതം ദൈർഘ്യമുള്ള ഷോട്ടുകളാണ് അദ്ദേഹം ഈ സിനിമയ്ക്കായി ഉപയോഗിച്ചത്. കട്ടുകളൊന്നും പ്രേക്ഷകന്റെ ശ്രദ്ധയിൽ വരാത്ത വിധമാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. 1948ൽ ആണ് ഹിച്ച്കോക്ക് ഇത്തരമൊരു സിനിമയൊരുക്കിയത് എന്ന വസ്തുത കൂടി നമ്മൾ ഇതോടൊപ്പം കൂട്ടി വായിക്കണം.

     രണ്ട് സുഹൃത്തുക്കൾ ചേർന്ന് തങ്ങളുടെ സഹപാഠിയെ കൊലപ്പെടുത്തുകയും അപ്പാർട്ട്മെന്റിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ച് വെക്കുകയും ചെയ്ത ശേഷം തങ്ങളുടെ മുഴുവൻ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും അവർ വിരുന്നിന് ക്ഷണിക്കുകയാണ്. തെളിവുകളൊന്നുമവശേഷിക്കാത്ത കുറ്റമറ്റൊരു കൊലപാതകമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ മൃതദേഹം മറച്ചുവെച്ച പെട്ടി വെച്ചിരിക്കുന്ന മുറി തന്നെയാണ് അവർ വിരുന്ന് നടത്തുന്നതിനായി തിരഞ്ഞെടുക്കുന്നത്. ആ ശ്രമത്തിൽ അവർ വിജയം കൈവരിക്കുമോ?

     സാങ്കേതികപരമായും കഥാപരമായും മികച്ച നിലവാരം പുലർത്തിയ ചിത്രത്തിലെ അഭിനേതാക്കൾക്ക് പക്ഷേ ആ നിലവാരം കാത്തുസൂക്ഷിക്കാനായില്ല എന്ന് വേണം പറയാൻ. താൻ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്ന് ഹിച്ച്കോക്ക് തന്നെ പിന്നീട് പറയുകയുണ്ടായി. പാട്രിക്ക് ഹാമിൽട്ടൺ രചിച്ച റോപ്പ് എന്ന് തന്നെ പേരായ നാടകത്തിന്റെ ചലച്ചിത്രരൂപമായിരുന്നു ഇത്.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 1948
  • വിഭാഗം : സൈക്കോളജിക്കൽ ക്രൈം ത്രില്ലർ
  • സംവിധാനം : ആൽഫ്രഡ് ഹിച്ച്കോക്ക്.

Archive

കോൺടാക്റ്റ് ഫോം

അയക്കുക