റിയർ വിൻഡോ | Rear Window

     അപ്പാർട്ട്മെന്റുകളാൽ ചുറ്റപ്പെട്ട ഒരിടത്താണ് ജെഫ്രിയുടെ താമസം. ഒരപകടത്തിൽ പെട്ട് വീൽചെയറിൽ കഴിയുകയാണയാൾ. സ്വാതന്ത്ര്യമില്ലായ്മ അയാളെ കൊണ്ടുചെന്നെത്തിക്കുന്നത് തന്റെ മുറിയുടെ ജനാലയിലൂടെ കാണുന്ന ഓരോ കുടുംബങ്ങളേയും വീക്ഷിക്കുകയെന്ന വിചിത്രമായ വിനോദത്തിലേക്കാണ്. എല്ലാ അർത്ഥത്തിലും അത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം തന്നെയാണ്.

     ജെഫ്രിയുടെ ഒളിഞ്ഞുനോട്ടത്തിന്റെ ഇരകളായ ഓരോരുത്തരും അയാളുടെ നിത്യജീവിതത്തിന്റെ കൂടി ഭാഗമായി മാറുന്നു. അവരെല്ലാം സമൂഹത്തിന്റെ വ്യത്യസ്ത തുറകളെ പ്രതിനിധാനം ചെയ്യുന്നവരോ വ്യത്യസ്ഥ അവസ്ഥകളിൽ ജീവിക്കുന്നവരോ ആണ്. വിവാഹത്തിന്റെ പുതുമോടി വിട്ടുമാറാത്ത നവദമ്പതികൾ ജീവിതമാഘോഷിക്കുകയാണ്. മക്കളില്ലാത്ത മദ്ധ്യവയസ്കരായ ദമ്പതികൾ തങ്ങളുടെ സ്നേഹം പങ്കുവെക്കുന്നത് വളർത്തുനായയുമായാണ്. ഏകാന്തയനുഭവിച്ച് ദുഖത്തിന്റെ മൂടുപടമണിഞ്ഞ് ജീവിക്കുകയാണ് മറ്റൊരുവൾ. ഡാൻസുകാരിയായ ഒരു യുവതിയും അവിവാഹിതനായ ഒരു  സംഗീതസംവിധായകനും ശിൽപ്പങ്ങൾ നിർമ്മിക്കുന്ന ഒരു സ്ത്രീയുമെല്ലാം അയാളുടെ പതിവു കാഴ്ച്ചകളിൽ ഇടം നേടുന്നുണ്ട്.

     ഒളിഞ്ഞുനോട്ടമെന്ന സ്വാഭാവികതയിൽ നിന്നും കുറ്റാന്വേഷണമെന്ന അസ്വാഭാവികതയിലേക്ക് ജെഫ്രിയെ നയിക്കുന്നത് തോർവാൾഡ് എന്ന സെയിൽസ്മാന്റെ ചില പ്രവൃത്തികളാണ്. തോർവാൾഡിന്റെ ശയ്യാവലംബിയായ ഭാര്യയെ കാണാതാവുകയും അതിന് പിന്നിലെ ദുരൂഹത അറിയണമെന്ന ചിന്ത ജെഫ്രിയെ അലട്ടുകയും ചെയ്യുമ്പോൾ രംഗം കലുഷിതമാവുന്നു. ജെഫ്രി അയൽ വാസികളുടെ ജീവിതത്തിലേക്ക് ചൂഴ്ന്നിറങ്ങുമ്പോൾ നമ്മളും അയാൾക്കൊപ്പം ഒളിഞ്ഞുനോട്ടക്കാരായി മാറുന്നിടത്താണ് ഹിച്ച്കോക്ക് തന്റെ മാജിക്ക് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

     1942 ൽ വൂൾറിച്ച് എഴുതിയ 'ഇറ്റ് ഹാഡ് റ്റു ബീ മർഡർ' എന്ന കഥയുടെ ചലച്ചിത്രഭാഷ്യമായിരുന്നു ഈ ചിത്രം. 70 വർഷങ്ങൾക്ക് മുമ്പാണ് ഇത്രയും വ്യത്യസഥവും വെല്ലുവിളി നിറഞ്ഞതുമായ ഒരു കഥയ്ക്ക് ഹിച്ച്കോക്ക് ദൃശ്യഭാഷ്യമൊരുക്കിയത് എന്ന കാര്യം കൂടി നാം ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതായുണ്ട്.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 1954
  • വിഭാഗം : ത്രില്ലർ
  • സംവിധാനം : ആൽഫ്രഡ് ഹിച്ച്കോക്ക്

Archive

കോൺടാക്റ്റ് ഫോം

അയക്കുക