ലാ സ്ട്രാഡ | La Strada

     പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ പച്ചയായ ദൃശ്യാവിഷ്കാരമായിരുന്നു ലാ സ്ട്രാഡ. പാതയെന്നാണ് 'ലാ സ്ട്രാഡ'യെന്ന വാക്കിനർത്ഥം. ഇറ്റാലിയൻ സിനിമയിലെ അതികായരിലൊരാളായ ഫെഡറികോ ഫെല്ലിനിയുടെ ഈ ചിത്രം ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികൾക്ക് നിയോറിയലിസ്റ്റിക് സിനിമയുടെ ഭംഗിയും ലാളിത്യവും ജീവിതത്തോടുള്ള ഇഴയടുപ്പവും അനുഭവഭേദ്യമാക്കി.

     ദുഖമിരമ്പുന്ന കണ്ണുകളും, നിഷകളങ്കത നിറഞ്ഞു നിൽക്കുന്ന മുഖവുമുള്ള അപകർഷതാബോധത്താൽ ഉഴലുന്ന ഹെൽസോമിനയെന്ന പെൺകുട്ടിയും തെരുവുകളിൽ ചെപ്പടിവിദ്യ നടത്തി ജീവിക്കുന്ന ക്രൂരനായ സമ്പാനോവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ചിത്രം.

     ഒരാളുടെ സ്നേഹം നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് നമ്മളിൽ സൃഷ്ടിക്കുന്ന മുറിവിനേക്കാൾ ഏറെ ഭീകരമാണ് ആ സ്നേഹം നിലനിർത്താൻ കഴിയുമായിരുന്നിട്ടും അതിന് വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്നുള്ള കുറ്റബോധം. ഹെൽസോമി സമ്പാനോവിൽ സൃഷ്ടിക്കുന്ന വിരഹ വേദനയും അപ്രകാരം തന്നെയാണെന്ന് കാണാം.

     പ്രശസ്ത അഭിനേതാവായ ആന്റണി ക്വിന്നാണ് സമ്പാനോവായി വേഷമിട്ടത്. ഹെൽസോമിനയുടെ വേഷമവതരിപ്പിച്ചതാകട്ടെ ഫെല്ലിനിയുടെ ഭാര്യയായ ഗ്വില്ലിറ്റ മാസിനയും. ഹെൽസോമിന അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ ഗ്വില്ലിറ്റ തന്റെ കണ്ണുകളെ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം. 1956-ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം കൈപ്പിടിയിലൊതുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു.
  • രാജ്യം : ഇറ്റലി
  • ഭാഷ : ഇറ്റാലിയൻ
  • വർഷം : 1954
  • വിഭാഗം : ഡ്രാമ
  • സംവിധാനം : ഫെഡെറികോ ഫെല്ലിനി

Archive

കോൺടാക്റ്റ് ഫോം

അയക്കുക