ഇൻസൻഡീസ് | Incendies

     ഒരു നെടുനീളൻ കത്തികൊണ്ട് നമ്മുടെ ഇടനെഞ്ചിൽ ആഴത്തിൽ കുത്തിയിറക്കിയതുപോലെ വാടാത്തൊരു മുറിവേൽപ്പിക്കുന്നുണ്ട് ഈ ചിത്രം. അനന്തരം നമ്മളനുഭവിക്കുന്ന ഒരു മരവിപ്പുണ്ട്. ചുരുക്കം ചില ചലചിത്രങ്ങൾക്ക് മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന തീക്ഷ്ണാനുഭവം.

     ലോകത്തോട് വിടപറയും മുമ്പ് നവാൾ മർവാൻ രണ്ട് കത്തുകൾ തയ്യാറാക്കി താൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ ഏൽപ്പിച്ചിരുന്നു. അതിൽ ഒരു കത്ത് അവരുടെ ഭർത്താവിനുള്ളതാണ്. മറ്റൊന്ന് മകനുള്ളതും. ആ കത്തുകൾ അവർക്ക് നൽകേണ്ട ഉത്തരവാദിത്വം വന്നുചേരുന്നത് നവാൾ മർവാന്റെ മക്കളായ ജെസ്സിയിലും സൈമണിലുമാണ്.രാജ്യത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് നവാൾ മർവാന്റെ മക്കൾ അവരുടെ അച്ഛനെയും സഹോദരനെയുമന്വേഷിച്ച് നടത്തുന്ന യാത്രയുടെ ആകെത്തുകയാണ് ഈ ചലചിത്രം. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടുവെന്ന് തങ്ങൾ വിശ്വസിക്കുന്ന തങ്ങളുടെ അച്ഛൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സൂചനയും, തങ്ങൾക്ക് ഒരു സഹോദരൻ കൂടിയുണ്ടെന്ന സത്യവും ഉൾക്കൊണ്ടുകൊണ്ടാണ് അവരുടെ യാത്ര.

     ജനനവും മരണവും സ്നേഹവും വെറുപ്പും ചിത്രത്തിൽ കഥാപാത്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. മതവെറിയും യുദ്ധവെറിയും കഥയിലെ പ്രധാന കണ്ണികളാവുന്നു. ഒടുവിൽ നർവാൾ മർവാൻ തന്റെ ജീവിതത്തിലുടനീളം കാണിച്ച സഹനത്തിനും ക്ഷമയ്ക്കും സ്നേഹത്തിനും ധൈര്യത്തിനും മുന്നിൽ അവളുടെ മക്കളും അവരോടൊപ്പം നമ്മളും പകച്ച് നിൽക്കുന്നു. നോൺ ലീനിയറായുള്ള കഥാഖ്യാനം തുടക്കത്തിൽ രസക്കുറവായി തോന്നിക്കുന്നുവെങ്കിലും പിന്നീട് നമ്മൾ അതിവേഗം ആ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നു. ചിത്രമവസാനിച്ചാലും നമ്മുടെ മുറിവേറ്റ മനസ്സ് അവിടെത്തന്നെ നിലയുറപ്പിക്കുന്നു.

  • രാജ്യം : കാനഡ
  • ഭാഷ : ഫ്രഞ്ച് / അറബിക്
  • വർഷം : 2010
  • സംവിധാനം : ഡെനിസ് വിൽനൂവ്

Archive

കോൺടാക്റ്റ് ഫോം

അയക്കുക