ബ്രെത്ത്ലെസ്സ്| Breathless

     'ഗൊദാർദ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം'. ഈ ചിത്രത്തിന് നൽകാൻ കഴിയുന്ന എറ്റവും മികച്ച വിശേഷണമാണിത്. ഫ്രാൻസിൽ നവതരംഗ സിനിമകൾക്ക് ആരംഭം കുറിച്ച സിനിമകളിലൊന്നായിരുന്നു ബ്രെത്ത്ലെസ്. വർഷങ്ങളിത്രയും പിന്നിട്ടിട്ടും ആ സിനിമ ഇപ്പോഴും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 1959-ൽ നിർമ്മാണമാരംഭിച്ച ചിത്രം 1960-ലാണ് പുറത്തിറങ്ങിയത്. സംവിധായകനായ ഗൊദാർദിന് അപ്പോൾ ഇരുപത്തിയെട്ട് വയസ്സ് മാത്രമായിരുന്നു പ്രായം. ചുരുങ്ങിയ ചെലവിലായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

     അധോലോക നായകനാവണമെന്നാഗ്രഹിച്ച് ജീവിക്കുന്ന മൈക്കിളിന്റെയും അവന്റെ കാമുകിയായ പെട്രീഷ്യയുടെയും കഥയാണിത്.   മൈക്കിൾ കാർ മോഷ്ടിക്കുകയും പിന്നീട് ഒരു പോലീസുകാരനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കാമുകിയായ പെട്രീഷ്യ കൂടി ഈ സംഭവത്തിന്റെ ഭാഗമാകുന്നതോടെ കഥ പ്രവചനാതീതമായി മാറുകയാണ്.

     ഈ സിനിമ പ്രശസ്തിയാർജ്ജിച്ചത് കഥാപരമായ സവിശേഷതകൾ കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. ഇതിലുപയോഗിച്ചിരിക്കുന്ന ജമ്പ് കട്ട് ഷോട്ടുകൾ പ്രേക്ഷകനെ ഭ്രമാത്മകമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്നവയാണ്. ഈ ചിത്രം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള സിൽവർ ബെയർ പുരസ്കാരം നേടുകയുണ്ടായി. കൂടാതെ വേറെയും നിരവധി അന്തർദ്ദേശീയ പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തി.

     ഫ്രഞ്ച് നവതരംഗ സിനിമയുടെ ശില്പിയായാണ് ചിത്രത്തിന്റെ സംവിധായകാനായ ഗൊദാർദ് അറിയപ്പെടുന്നത്. നിരൂപകരേയും ചലച്ചിത്ര പ്രേമികളെയും ഒരുപോലെ അമ്പരപ്പിച്ച ചിത്രമാണിത്.
  • രാജ്യം : ഫ്രാൻസ്
  • ഭാഷ : ഫ്രഞ്ച്
  • വർഷം : 1960
  • വിഭാഗം : ത്രില്ലർ
  • സംവിധാനം : ഗോദാർദ്

Archive

കോൺടാക്റ്റ് ഫോം

അയക്കുക