ബൈസിക്കിൾ തീവ്സ് | Bicycle Thieves

     യുദ്ധാനന്തര ഇറ്റലിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോവുകയാണ് ബൈസിക്കിൾ തീവ്സ് എന്ന നിയോറിയലിസ്റ്റിക്ക് ചിത്രം. തൊഴിലില്ലായ്മയും ദാരിദ്ര്യവും വേട്ടയാടു‌ന്നവ ഒരു കൂട്ടമാളുകളുടെ പ്രതിനിധിയാണ് കഥാനായകനായ അന്റോണിയോ. ഏറെ നാളത്തെ ജോലിയന്വേഷണത്തിനൊടുവിലാണ് അന്റോനിയോക്ക് ചുവരിൽ പോസ്റ്ററുകൾ പതിക്കുന്ന ജോലി ലഭിക്കുന്നത്. ആ ജോലി ചെയ്യുന്നതിനാണെങ്കിൽ സൈക്കിൾ കൂടിയേ തീരൂ. പണയപ്പെടുത്തിയ സൈക്കിൾ ഏറെ കഷ്ടപ്പെട്ട് തിരിച്ചെടുക്കുകയാണ് അന്റോണിയോ. നിർഭാഗ്യമെന്ന് പറയട്ടെ ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ ആ സൈക്കിൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ആ സൈക്കിളന്വേഷിച്ച് അന്റോണിയോയും മകനും നടത്തുന്ന പരക്കം പാച്ചിലിൽ നമ്മളും പങ്കാളികളാവുന്നു.

     ചിത്രത്തിൽ നഷ്ടപ്പെട്ട സൈക്കിൾ ഒരു പ്രതീകമായി നിലകൊള്ളുന്നു. കൂടെയുള്ള മകനെ ശ്രദ്ധിക്കാൻ മിനക്കെടാതെ നഷ്ടപ്പെട്ട സൈക്കിളിന്റെ പിറകെ എല്ലാം മറന്ന് പായുന്ന അന്റോണിയോ പഠിപ്പിക്കുന്നത് വലിയൊരു ജീവിതപാഠമാണ്. അഭിനയമാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള പ്രകടനവും അതിനൊത്ത കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. താഴേക്കിടയിലുള്ളവന്റെ വേദനകളും ആഗ്രഹങ്ങളും വേദനകളും, പരാജയപ്പെടാൻ വിസമ്മതിക്കാതെ അവൻ ചെയ്തുകൂട്ടുന്ന പ്രവൃത്തികളുമെല്ലാം ഈ ചിത്രത്തെ ജീവിതത്തോട് അടുത്ത് നിൽക്കുന്ന സിനിമയാക്കി മാറ്റുന്നു.

     നിയോറിയലിസ്റ്റ് സിനിമകളുടെ വരവറിയിച്ച ബൈസിക്കിൾ തീവ്സ് സാമ്പ്രദായിക സിനിമാസങ്കൽപ്പങ്ങളെ മുഴുവൻ മാറ്റിമറിച്ച് ക്യാമറ തിരിച്ചത് ആ രാജ്യത്തെ തെരുവുകളിലേക്കും കയ്പ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളിലേക്കുമായിരുന്നു. ചിത്രത്തിൽ അന്റോണിയോ ആയി വേഷമിട്ട ലാംബർട്ടോ മാഗിയോറാനി ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം.

  • രാജ്യം : ഇറ്റലി
  • ഭാഷ : ഇറ്റാലിയൻ
  • വർഷം : 1948
  • വിഭാഗം : ഡ്രാമ
  • സംവിധാനം : വിറ്റോറിയോ ഡി സിക്ക

Archive

കോൺടാക്റ്റ് ഫോം

അയക്കുക