എമിലി | Amelie

     2001 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണിത്. സാങ്കേതിക വൈദഗ്ധ്യം കൊണ്ട് ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് എമിലിയുടെ കഥയാണ്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഇരുപത്തിനാലു വയസ്സുള്ള പാരീസുകാരിയായ യുവതിയാണ് എമിലി. ഒരു കഫേയിൽ വെയിറ്ററായി ജോലി ചെയ്യുന്ന എമിലിയുടെ താമസം അവളുടെ അച്ഛന്റെ വാസസ്ഥലത്തു നിന്നും കുറച്ചകലെയാണ്.

     രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും നിഷ്കളങ്കത പുലർത്തുന്നവളും സ്വപ്നലോകത്ത് ജീവിക്കുന്നവളുമാണ് എമിലി. മറ്റുള്ളവരെ സഹായിക്കാനും അവരെ സന്തോഷിപ്പിക്കാനുമുള്ള മനസ്സുണ്ട് അവൾക്ക്. ഒരു നാൾ ഡയാന രാജകുമാരിയുടെ മരണവാർത്ത അറിയുമ്പോഴുണ്ടാകുന്ന ഞെട്ടലിൽ എമിലിയുടെ കയ്യിൽ നിന്നും ഒരു പെർഫ്യൂം ബോട്ടലിന്റെ അടപ്പ് താഴെ വീഴുകയും അത് കാരണം ബാത്ത് റൂമിലെ ഇളകി നിൽക്കുന്ന ഒരു ടൈൽ അവൾ ശ്രദ്ധിക്കാനിടവരികയും ചെയ്യുന്നു. ആ ടൈൽ ഇളകി മാറ്റുമ്പോൾ അവൾക്ക് ഒരു ചെറിയ ലോഹപ്പെട്ടിയാണ് ലഭിക്കുന്നത്. അതിലാകട്ടെ ഒരാൺകുട്ടി തന്റെ കുട്ടിക്കാലത്ത് സൂക്ഷിച്ചു വച്ച തന്റെ കളിപ്പാട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. പിന്നീട് ആ ലോഹപ്പെട്ടിയുടെ ഉടമയെ കണ്ടെത്താനും അത് അയാളെ തിരിച്ചേൽപ്പിക്കാനുമായി എമിലി നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്. ആ ലോഹപ്പെട്ടി അതിന്റെ ഉടമയുടെ കയ്യിൽ എത്തിയാൽ അയാൾക്കുണ്ടാകുന്ന സന്തോഷം മനസ്സിൽ കണ്ടുകൊണ്ടാണ് അവൾ അത്തരത്തിലൊരു ഉദ്യമത്തിന് തയ്യാറാവുന്നത്.

     ഫ്രഞ്ച് ബോക്സോഫീസിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു ഇത്. ആണ്ട്രൂ ടോട്ടോ കേന്ദ്ര കഥാപാത്രമായ എമിലിയായി തകർത്തഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജീൻ പെറി ജെന്നറ്റ് ആണ്. അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം ലോകമെമ്പാടുമായി ഒട്ടേറെ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
  • രാജ്യം : ഫ്രാൻസ്
  • ഭാഷ : ഫ്രഞ്ച്
  • വർഷം : 2001
  • വിഭാഗം : ഡ്രാമ

Archive

കോൺടാക്റ്റ് ഫോം

അയക്കുക