ഷോപ്പ് ലിഫ്റ്റേഴ്സ് | Shoplifters   
     കടകളിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ തങ്ങളുടേതായ പല മാർഗ്ഗങ്ങളുമുണ്ട് ഒസാമുവിനും മകനായ ഷോട്ടയ്ക്കും. മോഷണമെന്ന തെറ്റിനെ സാധൂകരിക്കാനും ലഘൂകരിക്കാനുമുള്ള പല കാരണങ്ങളും ഒസാമു കണ്ടെത്തുന്നുമുണ്ട്. അയാൾ ആ കാരണങ്ങളെല്ലാം മകനെ ബോദ്ധ്യപ്പെടുത്താൻ ആവുന്നത്ര ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

     പ്രത്യക്ഷത്തിൽ ഭാര്യയും മകളും മകനും അമ്മയുമടങ്ങിയ അഞ്ചംഗ കുടുംബമാണ് നിർമ്മാണത്തൊഴിലാളിയായ ഒസാമുവിന്റേത്...ഒറ്റമുറി വീട്ടിലാണ് അവരുടെ താമസം...തീനും കുടിയും കുളിയും ഉറക്കവുമെല്ലാം അവിടെ തന്നെ... ഷോട്ട ഒഴികെയുള്ളവരെല്ലാം പല വിധത്തിൽ വീട്ടിൽ പണം എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും അവരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ പര്യാപ്തമല്ല.

     ഒരു നാൾ ഒസാമുവും ഷോട്ടയും യുറി എന്ന് പേരായ ഒരു കൊച്ചു പെൺകുട്ടിയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾ അവരുടെ കുടുംബത്തിലെ പല നിഗൂഢതകളുടെയും ചുരുളഴിയുന്നതിന് കാരണമാവുന്നു.

     വിശപ്പടക്കുക എന്നത് തന്നെയാണ് ഏതൊരു മനുഷ്യന്റെയും പ്രാഥമികമായ ആവശ്യമെന്നും ദാരിദ്ര്യമാണ് അവൻ അനുഭവിക്കുന്ന എറ്റവും വലിയ പ്രശ്നമെന്നും പറയാതെ പറയുന്നുണ്ട് ചിത്രം. രക്തബന്ധമുള്ള കുറച്ചാളുകൾ ചേർന്നാൽ ഒരു കുടുംബമായി മാറുമോ എന്ന ചോദ്യം പ്രേക്ഷകർക്കായി എറിഞ്ഞു തരികയും ചെയ്യുന്നു.

     സ്വന്തം വീട്ടിൽ നിന്നും ഒന്നും പഠിക്കാൻ സാധിക്കാത്തവരാണ് സ്കൂളിൽ പോകു‌ന്നതെന്ന ഷോട്ടയുടെ കാഴ്ചപ്പാട് വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വിമർശനം കൂടിയായി മാറുന്നു. മുത്തശ്ശിയുടെ മൃതദേഹം മറവു ചെയ്യാൻ സ്വന്തം വീട്ടിൽ തന്നെ കുഴിയൊരുക്കുന്നത് നിസ്സഹായതയുടെ പാരമ്യം കാണിച്ച് തരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ജനിച്ച് ജീവിച്ച് മരിച്ച് പോകേണ്ടി വരുന്ന ദരിദ്രരായ ആളുകളുടെ കഥ പറയുക വഴി ആ രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചാവിഷയമാക്കുകയാണ് ചിത്രം.
  • രാജ്യം : ജപ്പാൻ 
  • ഭാഷ : ജാപ്പനീസ്
  • വിഭാഗം : ഡ്രാമ 
  • വർഷം : 2018 
  • സംവിധാനം : ഹിറോകാസു കൊറീദ

Archive

കോൺടാക്റ്റ് ഫോം

അയക്കുക