ഓൺ ബോഡി ആന്റ് സോൾ | On Body and Soul


     മഞ്ഞ് പൊഴിയു‌ന്ന ഒരു വനാന്തരം...അവിടെ വിഹരിക്കുന്ന മാനിണകൾ... എന്ദ്രേ കാണാറുള്ള സ്വപ്നമാണത്...തികച്ചും സമാനമായ സ്വപ്നം കാണാറുള്ള മരിയ അയാളുടെ ജീവിതത്തിലേക്ക് കടന്ന് വരികയാണ്... പ്രണയവും... ഇരുവരുടേയും പ്രായം, സ്വഭാവം, ജീവിതസാഹചര്യങ്ങൾ തുടങ്ങിയവയിലെല്ലാം നിറഞ്ഞു നിൽക്കുന്ന വൈരുദ്ധ്യങ്ങളൊന്നും അവരുടെ പ്രണയത്തെ ബാധിക്കുന്നേയില്ല... അവർ രാത്രികാലങ്ങളിൽ തങ്ങളുടെ സ്വപ്നലോകത്തെ മഞ്ഞ് വീഴുന്ന ആ വനഭൂമിയിൽ ഒന്നിക്കുകയും പിറ്റേന്ന് ആ സ്വപ്നത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു.

     വലിയൊരു അറവുശാലയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ് എന്ദ്രേ. മദ്ധ്യവയസ്കത അയാളുടെ ശരീരത്തിലും മനസ്സിലും ഒരുപോലെ ചുളിവുകൾ വീഴ്ത്താൻ തുടങ്ങിയിരുന്നു. പുതിയതായി നിയമിക്കപ്പെട്ട ക്വാളിറ്റി ഇൻസ്പെക്ടർ ആയ മരിയയാകട്ടെ യൗവ്വനത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നവളാണ്. അതീവ സുന്ദരിയും.

     അറവുശാലയിൽ അരങ്ങേറുന്ന ഒരു മോഷണവും അതിനോടനുബന്ധിച്ച് നടക്കുന്ന മനശാസ്ത്രവിദഗ്ദയുടെ ചോദ്യം ചെയ്യലുമാണ് ഒരേ സ്വപ്നം പങ്കുവെയ്ക്കുന്നവരാണ് തങ്ങളെന്ന വിചിത്രസത്യം തിരിച്ചറിയുന്നതിലേക്ക് ഇരുവരേയും നയിക്കുന്നത്. അത് വരെ എല്ലാ അർത്ഥത്തിലും വ്യവസ്ഥ ധ്രുവങ്ങളിൽ ജീവിച്ചു പോന്ന ഇരുവരിലും അവർ പോലുമറിയാതെ ഉടലെടുക്കുന്ന മാറ്റങ്ങൾ സിനിമയെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയർത്തുന്നു.

     സ്വപ്നത്തിലെ സമാനതയെന്ന ആശ്ചര്യപ്പെടുത്തുന്ന ആകസ്മികത തന്റെ ചിത്രത്തിന് പ്രമേയമായെടുക്കുകയും, അത് പ്രേക്ഷകരിലെത്തിക്കുന്നതിൽ പൂർണ്ണമായി വിജയിക്കുകയും ചെയ്തിരിക്കുന്നു ഇൽദികോ എൻയേദി എന്ന സംവിധായിക. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗേസ മോർക്സാൻയിയുടേയും അലക്സാൻഡ്ര ബോർബ്ലിയുടേയും പ്രകടനങ്ങൾ ചിത്രത്തിന് മാറ്റ് കൂട്ടുന്നു.ഭൗതികമായുള്ള എല്ലാ വൈരുദ്ധ്യങ്ങൾക്കും അപ്പുറമാണ് പ്രണയത്തിന്റെ സ്ഥാനമെന്ന് ചിത്രം അടിവരയിടുന്നു.
  • രാജ്യം : ഹംഗറി 
  • ഭാഷ : ഹംഗേറിയൻ
  • വിഭാഗം : ഡ്രാമ 
  • വർഷം : 2017        
  • സംവിധാനം : ഇൽദികോ എൻയേദി

Archive

കോൺടാക്റ്റ് ഫോം

അയക്കുക