ലാൻഡ് ഓഫ് മൈൻ | Land of Mine


       യുദ്ധാനന്തരം ഏതൊരു രാജ്യത്തിനും വന്ന് ചേരുന്ന വിജയം തികച്ചും സാങ്കേതികം മാത്രമല്ലേ..? യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ യാത്ര അവസാനിക്കുന്നത് പരാജയത്തിന്റെ പടുകുഴിയിലേക്കാണ് എന്ന വസ്തുത നന്നായറിഞ്ഞിട്ടും അവർ അറിഞ്ഞില്ലെന്ന് നടിക്കുകയല്ലേ ചെയ്യുന്നത്? യുദ്ധത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുടുംബങ്ങളെക്കുറിച്ചോ, സാമ്പത്തികമായുണ്ടായ കൊടിയ നഷ്ടങ്ങളെക്കുറിച്ചോ, ഇനിയെങ്കിലും ഒരു യുദ്ധമുണ്ടാവാതിരിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചോ ഏതെങ്കിലും ഒരു രാജ്യം ചർച്ച ചെയ്യാറുണ്ടോ? വർഗ്ഗീയതയും, തീവ്ര ദേശീയതയും, സ്വത്തിനോടും സ്ഥലത്തിനോ‌ടുമുള്ള അത്യാർത്തിയുമൊക്കെ യുദ്ധകാഹളം മുഴങ്ങാൻ കാരണങ്ങളായി മാറുമ്പോൾ ഭരണവർഗ്ഗം പ്രശ്നപരിഹാരത്തെക്കുറിച്ച് ചിന്തിക്കു‌ന്നത് പോലും വെറും സ്വപ്നം മാത്രമായി മാറും.

     രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തോടെ ഡെന്മാർക്കിന്റെ മേലുള്ള നാസികളുടെ അധീശത്വത്തിനും അറുതി വരികയാണ്. തങ്ങളെ ഇക്കാലമത്രയും വരുതിയിൽ നിർത്തിയ നാസിപ്പട്ടാളത്തിനോട് തീർത്താൽ തീരാത്ത പകയാണ് ഡെന്മാർക്കുകാർക്ക് ഒന്നടങ്കമുള്ളത്. യുദ്ധം നടക്കുന്ന വേളയിൽ നാസിപ്പട രണ്ട് മില്ല്യണോളം വരുന്ന മൈനുകൾ ഡെന്മാർക്കിലെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. യാതൊരു വിധ ഉപകരണങ്ങളുടെയും സഹായമില്ലാതെ കണ്ടെത്തുകയും നിർവ്വീര്യമാക്കുകയും ചെയ്യുന്നതിനുള്ള അത്യന്തം അപകടകരമായ ചുമതല വന്ന് ചേരുന്നത് രണ്ടായിരത്തോളം വരുന്ന നാസി പട്ടാളക്കാരിൽ തന്നെയാണ്.

     ജർമ്മൻ പട്ടാളക്കാരിൽ നിർബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ട കൗമാരം പിന്നിടാത്ത പതിനാറ് ജർമൻ സൈനികർക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കടൽത്തീരത്തെ മൈനുകൾ പെറുക്കി നിർവ്വീര്യമാക്കാൻ ഇറങ്ങേണ്ടി വരുന്നു. ആ കടൽത്തീരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോവുകയാണ് 'ലാൻഡ് ഓഫ് മൈൻ'.

     മൈനിനോടൊപ്പം പൊട്ടിച്ചിതറുക സ്വന്തം പ്രാണൻ കൂടിയാണെന്നറിഞ്ഞിട്ടും മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാത്തതിനാൽ
കാർക്കശ്യക്കാരനായ ഡാനിഷ് ഓഫീസർക്ക് കീഴിൽ അവരെല്ലാം അണിനിരക്കുകയാണ്. അവർ ആരും തന്നെ മൈനുകൾ നിർവ്വീര്യമാക്കുന്നതിൽ വേണ്ടത്ര മുൻപരിചയമില്ലാത്തവരാണ് എന്ന വസ്തുത അവർ ചെയ്യുന്ന പ്രവൃത്തിയുടെ ഭീകരത വെളിവാക്കുന്നു.

     ഓഫീസർക്ക് പയ്യന്മാരോടുള്ള മാനസിക അകലം മെല്ലെ മെല്ലെ കുറഞ്ഞു വരുന്നതും പിന്നീട് അവർക്കിടയിൽ ഒരാത്മബന്ധം ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. കഥയുടെ ഒഴുക്ക് പ്രവചനാതീതമല്ലെങ്കിലും മൈനുകൾ തേടിയുള്ള പയ്യന്മാരുടെ അന്വേഷണണവും മൈനുകളുടെ സ്ഫോടനവും നമ്മുടെ മാനസികപിരിമുറുക്കം കൂട്ടുകയും നമ്മെ മറ്റൊരു വൈകാരിക തലത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നു.

     മൈനുകൾ നിർവ്വീര്യമാക്കാൻ വിധിക്കപ്പെട്ട രണ്ടായിരം സൈനികരിൽ പകുതിയോളമാളുകൾക്ക് ജീവഹാനിയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തുവത്രേ. സിനിമയുടേത് ഭാവനയിൽ നിന്നുരുത്തിരിഞ്ഞ കഥയല്ലെന്നും യാഥാർത്ഥ സംഭവത്തെ അടിസ്ഥാമാക്കിയുള്ളതാണെന്നുമുള്ള തിരിച്ചറിവ് യുദ്ധഭീകരതയുടെ അടയാളപ്പെടുത്തലായി മാറുന്നു.
  • രാജ്യം : ഡെന്മാർക്ക്/ജർമ്മനി 
  • ഭാഷ : ജർമ്മൻ/ഡാനിഷ്
  • വിഭാഗം : ഹിസ്റ്റോറിക്കൽ വാർ മൂവി  
  • വർഷം : 2015  
  • സംവിധാനം : മാർട്ടിൻ പീറ്റർ 

Archive

കോൺടാക്റ്റ് ഫോം

അയക്കുക