ഹൈദി | Heidi


   
     നിഷ്കളങ്കമായ സ്നേഹവും നിറഞ്ഞ പുഞ്ചിരിയും മാത്രമാണ് തന്നെ ഇഷ്ടപ്പെടുന്നവർക്കും വെറുക്കുന്നവർക്കുമെല്ലാം ഹൈദിക്ക് പകരം നൽകാനുള്ളത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു ഹൈദിയെ ചെറിയമ്മ കൊണ്ടുവിടുന്നത് കുന്നിൻ മുകളിലെ വീട്ടിൽ താമസിക്കുന്ന മുത്തച്ഛന്റെയടുത്താണ്...ആളുകൾ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന മുത്തച്ഛനും അവളുടെ കളങ്കമില്ലാത്ത സ്നേഹത്തിന് മുന്നിൽ തന്റെ മുരടൻ സ്വഭാവമെന്ന മുഖം മൂടി അഴിച്ചു വെക്കേണ്ടി വരുന്നു...ഒറ്റക്കസേരയുള്ള വീട്ടിൽ അയാൾ അവൾക്കിരിക്കാൻ കസേരയുണ്ടാക്കുന്നു...അവൾക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നു... അവളോടൊപ്പം കളിക്കുന്നു...

     ആടുമേയ്ക്കാൻ വരുന്ന പീറ്ററിനും അവന്റെ വീട്ടുകാർക്കും ഹൈദി പ്രിയപ്പെട്ടവളാവുന്നു... അവരിരുവരും ആ കുന്നിൻ ചെരിവിലൂടെ ആടു മേയ്ച്ച് നടക്കുന്നു... ഭക്ഷണം പങ്കിട്ട് കഴിക്കുന്നു...ചെറിയമ്മ അവളെ മുത്തച്ഛനിൽ നിന്നും തന്റെ എല്ലാ സന്തോഷങ്ങളിൽ നിന്നു തന്നെയും പറിച്ചു മാറ്റി നഗരത്തിലെ ഒരു സമ്പന്നഗൃഹത്തിലെ ഒരു പെൺകുട്ടിയായ ക്ലാരയുടെ തോഴിയാവാൻ പറഞ്ഞയക്കുമ്പോൾ അവിടുത്തെ സുഖസൗകര്യങ്ങളിൽ മതിമറക്കാതെ മുത്തച്ഛനരികിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ച് മാത്രമാണ് ഹൈദിയുടെ ചിന്ത മുഴുവൻ...

     ക്ലാരയോടുള്ള സൗഹൃദവും മുത്തച്ഛനോടുള്ള സ്നേഹവും ഒരുപോലെ വേണം എന്നാഗ്രഹിക്കുന്ന ഹൈദി വീണ്ടും തന്റെ നിഷ്കളങ്കമായ സ്നേഹം കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്...

     എട്ടുവയസ്സുകാരിയായ ഹൈദിയായി മാറിയ അനുക് സ്റ്റീഫൻ മുതൽ മുത്തച്ഛനെ അവതരിപ്പിച്ച ബ്രൂണോ ഗാൻസ് വരെയുള്ളവർ അവരുടെ അഭിനയം കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തുന്നു...അലൻ സ്പോണറിന്റെ സംവിധാന വൈഭവവും മാത്തിയാസ് ഫ്ലെഷറിന്റെ ചിത്രങ്ങൾ ഒപ്പിയെടുക്കാനുള്ള മിടുക്കും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഹൈദിയും മുത്തച്ചനും അട്ടിൻകൂട്ടങ്ങളുമൊക്കെയുള്ള സുന്ദരമായ ആ കുന്നിൻ ചെരിവിലേക്കാണ്...

     ഈ സിനിമ തീരാതിരുന്നെങ്കിൽ എന്ന ആഗ്രഹത്തെ ഇല്ലാതാക്കിക്കൊണ്ട് ചിത്രത്തിലെ കാഴ്ചകൾ അവസാനിച്ചപ്പോൾ ഈ ചിത്രം ചേക്കേറിയത് പ്രിയപ്പെട്ട ഫീൽ ഗുഡ് സിനിമകളുടെ കൂട്ടത്തിലേക്ക് കൂടിയാണ്...
  • രാജ്യം : ജർമ്മനി 
  • ഭാഷ : ജർമ്മൻ 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2015 
  • സംവിധാനം : അലൻ സ്പോണർ

Archive

കോൺടാക്റ്റ് ഫോം

അയക്കുക