ആമിസ് | Aamis

     ഒരു ഫീൽ ഗുഡ് സിനിമയുടെ സകല ലക്ഷണങ്ങളും കാണിച്ചുകൊണ്ട് പതിഞ്ഞ താളത്തിലാണ് ആമിസ് തുടങ്ങുന്നത്. ആ തോന്നൽ തീർത്തും തെറ്റായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തി പി‌ന്നീടങ്ങോട്ട് കൊട്ടിക്കയറുകയാണ് ചിത്രം. ഇനിയെന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ പോലുമിലും ഇട തരാതെ.

     പലരേയും പ്രണയത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ പലതായിരിക്കും. നിർമാലിയും സുമോനും തമ്മിലുള്ള പ്രണയത്തിന് ഹേതുവാകുന്നത് മാംസാഹാരം എന്ന ഘടകമാണ്. ഒരു ഡോക്ടറാണ് നിർമാലി. ഒരു കുട്ടിയുടെ അമ്മയും വിവാഹിതയുമാണ്. സുമോനാകട്ടെ നരവംശശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന യുവാവും. അവിചാരിതമായ ആദ്യത്തെ കണ്ടുമുട്ടലിന് ശേഷം പിന്നീടൊരിക്കലും പരസ്പരം കാണാതെ പോകാമായിരുന്ന ഇരുവരെയും വീണ്ടും ഒരുമിപ്പിക്കുന്നത് മാംസം അഥവാ ആമിസ് തന്നെയാണ്. മാംസാഹാരത്തിന്റെ രുചിയും വൈവിദ്ധ്യവും തേടി അവർ നടത്തുന്ന യാത്രകളാണ് പിന്നീടങ്ങോട്ട്. 'മടക്കമില്ലാത്ത ആ യാത്ര'യ്ക്കൊടുവിൽ സുമോനും നിർമാലിക്കുമൊപ്പം പ്രേക്ഷകനും പകച്ചു നിൽക്കുന്നിടത്ത് ആമിസ് എന്ന ആസാമീസ് ചിത്രം അദ്ഭുതം സൃഷ്ടിക്കുന്നു.

     സുമോൻ നിർമാലിക്ക് തന്റെ പ്രണയം നൽകുന്നത് സ്വാദേറിയ വിവിധ മാംസാഹാരങ്ങളുടെ രൂപത്തിലാണ്. അവളെ തൊടാതെ അവൾക്കൊപ്പം ശയിക്കാതെ അവൻ 'അവളിലേക്കാഴ്ന്നിറങ്ങുന്നു'. കാലാകാലങ്ങളായി സമൂഹം കൽപ്പിച്ച സദാചാരത്തിന്റെ കപടമേലങ്കിയഴിച്ച് ദൂരെയെറിയാനാവാതെ ജീവിക്കേണ്ടി വരുന്നവരുമായി ചേർത്തു വെച്ചാൽ ബിംബകൽപ്പനകളാൽ സമൃദ്ധമാണ് ഈ സിനിമയെന്ന് കാണാൻ കഴിയും.

     ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭാസ്കർ ഹസാരിക തന്നെയാണ് ഈ സിനിമയിലെ ഹീറോ. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാതെ തങ്ങളുടെ കടമ ഗംഭീരമാക്കിയ ലിമ ദാസും അർഘദീപും വലിയ കയ്യടി അർഹിക്കുന്നു.

     സാൾട്ട് ആന്റ് പെപ്പർ, ഉസ്താദ് ഹോട്ടൽ, പെല്ലി ചൂപ്പുലു തുടങ്ങിയ  ഭക്ഷണം കേന്ദ്ര പ്രമേയമാക്കിയ അസംഖ്യം സിനിമകൾ പോലെ ഒന്നോ അവിഹിതബന്ധത്തിന്റെ കഥ പറയുന്ന ഒരു സിനിമയോ അല്ല ആമിസ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട ശേഷം മാത്രം ഈ ചിത്രം കാണാൻ തുടങ്ങുക. കാരണം ഈ ചിത്രത്തിലെ കാഴ്ചകൾ ചിലപ്പോൾ നിങ്ങളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയേക്കാം.
  • ഭാഷ : ആസ്സാമീസ്
  • രാജ്യം : അസ്സാം
  • വിഭാഗം : ഡ്രാമ
  • വർഷം : 2019 
  • സംവിധാനം : ഭാസ്കർ ഹസാരിക

Archive

കോൺടാക്റ്റ് ഫോം

അയക്കുക