ദ ഇൻവിസിബിൾ ഗസ്റ്റ് | The Invisible Guest

     ഒരു നിമിഷത്തെ അശ്രദ്ധ നിമിത്തം സംഭവിക്കുന്ന വലിയൊരു തെറ്റ് രണ്ട് പേരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയാണ്. തെറ്റ് സംഭവിക്കുന്നത് മനപൂർവ്വമല്ലെങ്കിലും ആ തെറ്റിൽ നിന്നും കരകയറാൻ ഇരുവരും ഒട്ടനവധി തെറ്റുകളെ കൂട്ടുപിടിക്കുന്നു. ആ തെറ്റുകളുടെ കയത്തിൽ അവർ മുങ്ങിത്താഴുമോ അതോ അവർ അതിൽ നിന്നും കര കയറുമോ?

     സമ്പന്നനും യുവബിസിനസ്സുകാരനുമായ അഡ്രിയാൻ ഡോറിയയെ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയാണ്. ഹോട്ടൽ മുറിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാമുകിയായ ലോറ വിഡൽ മുറിയിൽ മരിച്ച് കിടക്കുകയായിരുന്നു.   അദ്ദേഹത്തിന്റെ അഭിഭാഷകൻ  കേസുമായി ബന്ധപ്പെട്ട് ദൂരെയായതിനാൽ വിർജിന ഗുഡ്മാൻ എന്ന അഭിഭാഷകയാണ് അഡ്രിയാനെ കാണാനെത്തുന്നത്. അറസ്റ്റിന് മുമ്പ് എല്ലാ സത്യങ്ങളും വിർജിനയോട് പറയുന്നതിനും അതുവഴി ജൂറിയുടെ മുന്നിൽ നിരപരാധിത്വം തെളിയിക്കുന്നതിനും അഡ്രിയാന് മുന്നിൽ ആകെയുള്ളത് മൂന്ന് മണിക്കൂറുകൾ മാത്രമാണ്. അഡ്രിയാന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന, പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലാഴ്ത്തുന്ന നൂറ്റിയെൺപത് മിനിറ്റുകൾ.

     ചിത്രത്തിന്റെ സസ്പെൻസ് കണ്ടുപിടിക്കുക എന്നുള്ളത് ഒരുപാട് ത്രില്ലർ സിനിമകൾ കാണുന്നവരെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രയാസമേറിയ കാര്യമല്ലെങ്കിലും തിരക്കഥയുടെ ഒഴുക്കും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തെ സീറ്റ് എഡ്ജ് ത്രില്ലറാക്കി മാറ്റു‌ന്നു. ഛായാഗ്രഹണവും പശ്ചാത്തലഗീതവും ചിത്രത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നതിന് വളരെയേറെ സഹായകമാവുന്നുണ്ട്.
  • രാജ്യം : സ്പെയിൻ
  • ഭാഷ : സ്പാനിഷ്
  • വിഭാഗം : ത്രില്ലർ
  • വർഷം : 2016
  • സംവിധാനം : ഓറിയോൾ പോളോ

Archive

കോൺടാക്റ്റ് ഫോം

അയക്കുക