ദ കിഡ് | The Kid

     ദ കിഡ് എന്ന ചലച്ചിത്രം ചാർളി ചാപ്ലിന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഈ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഭാര്യയുമായി മാനസികമായി അകൽച്ചയിലായിരുന്നുവെങ്കിലും ഒരു പിതാവാകാൻ ചാർലി ചാപ്ലിൻ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ ചാപ്ലിന്റെ ആഗ്രഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ജനിച്ചതിന്റെ നാലാം ദിവസം കുഞ്ഞ് ഈ ലോകത്തെ വിട്ട് പിരിഞ്ഞു. തനിക്ക് നഷ്ടപ്പെട്ട കുട്ടിയെ സിനിമയെന്ന മാദ്ധ്യമത്തിലൂടെയെങ്കിലും തിരിച്ച് പിടിക്കാനുള്ള ചാപ്ലിന്റെ ശ്രമങ്ങളായിട്ടാണ് ഈ ചലച്ചിത്രത്തിന്റെ പിറവിയെ ചലച്ചിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ചാപ്ലിൻ കണ്ടെത്തിയത് ജാക്കി കൂഗൻ എന്ന അഞ്ചുവയസ്സുകാരനെയാണ്. മികച്ച അഭിനയം കാഴ്ച്ച വെയ്ക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു ആ കുരുന്ന്.

     അവിവാഹിതയായ ഒരു യുവതി പ്രസവിക്കുകയും അവൾ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ചാപ്ലിന്റെ കൈകളിലാണ് ആ കുഞ്ഞ് എത്തിപ്പെടുന്നത്. ആ കുഞ്ഞും ചാപ്ലിനും തമ്മിൽ ഉടലെടുക്കുന്ന വൈകാരിക ബന്ധത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

     തന്റെ ബാല്യം മുതൽക്കുള്ള ജീവിതാനുഭവങ്ങൾ തന്നെയാണ് ചാപ്ലിൻ ഈ ചലച്ചിത്രത്തിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നതെ‌‌ന്ന് കാണാം. തന്റെ ജീവിതത്തിൽ എറ്റവുമധികം പ്രതികൂലസാഹചര്യങ്ങൾ നേരിടേണ്ടി വന്ന കാലത്താണ് ചാപ്ലിൻ ഈ ചലച്ചിത്രം പൂർത്തീകരിച്ചത് എന്ന വസ്തുത കൂടി നാം ഇതോടൊപ്പം ചേർത്തു വായിക്കണം.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : സൈലന്റ്
  • വർഷം : 1921
  • വിഭാഗം : ഡ്രാമ
  • സംവിധാനം : ചാർളി ചാപ്ലിൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക