ദ ഗ്രേറ്റ് ഡിക്റ്റേറ്റർ | The Great Dictator

     ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറെ പരിഹസിച്ചുകൊണ്ട് ചാർളി ചാപ്ലിൻ നിർമ്മിച്ച ചിത്രമായിരുന്നു ദ ഗ്രേറ്റ് ഡിക്റ്റേറ്റർ. ചിത്രത്തിൽ അഡനോയ്ഡ് ഹിങ്കൽ എന്ന ഏകാധിപതിയുടേയും അതേ ഛായയുള്ള ഒരു ബാർബറുടേയും വേഷമാണ് ചാപ്ലിൻ അവതരിപ്പിച്ചത്. ഫാസിസത്തിനെതിരായി നിർമ്മിക്കപ്പെട്ട എക്കാലത്തെയും മികച്ച സിനിമകളിലൊന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. ചാപ്ലിൻ ആദ്യമായി ശബ്ദം നൽകിയ സിനിമ കൂടിയാണ് ദി ഗ്രേറ്റ്‌ ഡിക്റ്റേറ്റർ.

     ഒരുവേള ബാർബർ ഹിങ്കലായി രൂപം മാറുകയും ഒരു പ്രസംഗം നടത്തുകയും ചെയൂന്നുണ്ട്. അത് ഇപ്രകാരമാണ് :

‘‘വേണ്ട, എനിക്ക് ചക്രവർത്തിയാകേണ്ട. അതെന്റെ ജോലിയല്ല. ആരെയും ഭരിക്കുകയോ കീഴടക്കുകയോ വേണ്ട. കഴിയുമെങ്കിൽ എല്ലാവരെയും സഹായിക്കണം. യഹൂദരെയും അല്ലാത്തവരെയും കറുത്തവരെയും വെളുത്തവരെയുമെല്ലാം. നമുക്ക് പരസ്‌പരം സഹായിക്കാനാണ് ആഗ്രഹം. മനുഷ്യർ അങ്ങനെയാണ്. അന്യരുടെ സുഖത്തിനാണ് നാം ജീവിക്കേണ്ടത്, ദുരിതത്തിനല്ല. പരസ്‌പരം വെറുക്കുകയോ അപമാനിക്കുകയോ വേണ്ട. ഈ ലോകത്ത് ഏവർക്കും വേണ്ട സ്‌ഥലമുണ്ട്.
ഭൂമിയിൽ സമൃദ്ധിയാണ്. എല്ലാവർക്കും വേണ്ട വകയിവിടെയുണ്ട്. വേഗം നാം കൈവരിച്ചു. പക്ഷേ അടച്ചുകെട്ടിയിരിക്കുന്നു. സമൃദ്ധി ചൊരിയുന്ന യന്ത്രങ്ങളുണ്ടെങ്കിലും നമുക്കു ദാരിദ്ര്യമാണ്. അറിവു നമ്മെ ശീലിപ്പിച്ചതു കുറ്റപ്പെടുത്താൻ. നാം വക്രബുദ്ധികളും കരുണയില്ലാത്തവരുമാണ്. ഏറെ ചിന്തിക്കുന്ന നമുക്ക് ഉള്ളിൽ തട്ടുന്ന വികാരമില്ല. യന്ത്രങ്ങളെക്കാൾ പ്രധാനം മനുഷ്യത്വമാണ്. കൗശലബുദ്ധിയല്ല, കാരുണ്യവും ശാന്തതയുമാണു വേണ്ടത്. ഈ ഗുണങ്ങളില്ലെങ്കിൽ അക്രമം കാരണം ജീവിതം തുലയും.

റേഡിയോയും വിമാനവും നമ്മെ തമ്മിലടുപ്പിച്ചു. വിശ്വവിശാല സാഹോദര്യവും ഐക്യവും ഏവരിലും വേണമെന്നും അത് ഓർമ്മിപ്പിക്കുന്നു. എന്റെ ശബ്‌ദം കോടിക്കണക്കിനാളുകളിലെത്തുന്നു. നിരാശയിലാണ്ട പുരുഷന്മാരിലും സ്‌ത്രീകളിലും കുട്ടികളിലും. തടവിലായി ദണ്ഡനമുറകൾക്കു വിധേയരായ നിരപരാധികളിൽ. എന്റെ ശബ്‌ദം കേൾക്കാനാവുന്നവരോടു ഞാൻ പറയുന്നു,
‘‘നിരാശരാകരുത്’’. യന്ത്രമനസ്സും യന്ത്രഹൃദയവുമുള്ള ഈ കൃത്രിമ യന്ത്രമനുഷ്യരുടെ കാൽക്കൽ നിങ്ങൾ വീണുകൂടാ. നിങ്ങൾ യന്ത്രങ്ങളല്ല. നിങ്ങൾ കന്നുകാലികളല്ല. മനുഷ്യരാണു നിങ്ങൾ. നിങ്ങളുടെ ഹൃദയത്തിൽ മനുഷ്യത്വമുണ്ട്. നിങ്ങൾ വെറുക്കില്ല. യോദ്ധാക്കളേ! നിങ്ങൾ അടിമത്തത്തിനു വേണ്ടി പോരാടരുത്, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക. ദൈവരാജ്യം മനുഷ്യന്റെയുള്ളിലുണ്ടെന്നു ലൂക്കോസ് 17–ൽ എഴുതിയിട്ടുണ്ട്. ഒരാളിലോ ഒരു കൂട്ടം ആളുകളിലോ അല്ല. എല്ലാവരിലുമുണ്ട്. നിങ്ങളിൽ, ജനങ്ങളിൽ. പോരാളികളേ, ജനാധിപത്യത്തിന്റെ പേരിൽ നമുക്ക് ഒന്നിക്കാം.’’

     ഈ പ്രസംഗം ഇന്നും പ്രാധാന്യമർഹിക്കുന്നു. ഫാസിസത്താൽ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി നിലകൊള്ളുകയും ചെയ്യുന്നു. നാസി കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ നടന്നിരുന്ന യഥാർത്ഥ ഭീകരതയെക്കുറിച്ച് താൻ ബോധവാനായിരുന്നുവെങ്കിൽ ഒരിക്കലും ഈ സിനിമ നിർമ്മിക്കാൻ തനിക്ക് കഴിയുകയില്ലായിരുന്നുവെന്ന് തന്റെ ആത്മകഥയിൽ ചാപ്ലിൻ പ്രതിപാദിക്കുകയുണ്ടായി.

രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷ : ഇംഗ്ലീഷ്
വർഷം : 1940
വിഭാഗം : കോമഡി
സംവിധാനം : ചാർളി ചാപ്ലിൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക