ദ ഗോൾഡ് റഷ് | The Gold Rush

     ദ ഗോൾഡ് റഷിന് മുമ്പ് ചാപ്ലിൻ സംവിധാനം ചെയ്തത് എ വുമൺ ഓഫ് പാരിസ് എന്ന ചിത്രമായിരുന്നു. ചാപ്ലിന്റെ ട്രാംപ് വേഷങ്ങളെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രങ്ങളിൽ നിന്നും വിഭിന്നമായിരുന്നു ഇത്. ട്രാംപ് കഥാപാത്രങ്ങളിൽ നിന്നുള്ള മോചനം ചാപ്ലിൻ അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ 'എ വുമൺ ഓഫ് പാരിസ്' പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ല. അതുകൊണ്ട് തന്നെ ചാപ്ലിന് തന്റെ അടുത്ത ചിത്രമായ 'ദ ഗോൾഡ് റഷി'ൽ പ്രസിദ്ധമായ 'ട്രാംപ്' എന്ന കഥാപാത്രത്തിലേക്ക് മടങ്ങേണ്ടി വന്നു. ചിത്രം വലിയ വിജയമായി മാറുകയും പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

     സ്വർണ്ണം തേടി അലാസ്കയിലേക്ക് ചാർളിയും ബിഗ് ജിമ്മും നടത്തുന്ന യാത്രയാണ് ദ ഗോൾഡ് റഷ് എന്ന സിനിമയുടെ ഇതിവൃത്തം. പ്രതികൂല കാലാവസ്ഥയും മൃഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങളുമല്ലാം തരണം ചെയ്ത് വേണം ലക്ഷ്യസ്ഥാനത്തെത്താൻ. യാത്രാമദ്ധ്യേ പല ആളുകളേയും ചാർളി പരിചയപ്പെടുന്നുണ്ട്. ജോർജ്ജിയ എന്ന സുന്ദരിയായ യുവതി ചാർളിയുടെ മനം കവരുന്നുണ്ട്. അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ജാക്ക് എന്ന യുവാവുമുണ്ട്. ചാർളിയും ബിഗ് ജിമ്മും സ്വർണ്ണം കരസ്ഥമാക്കുമോ അതോ അവർ വെറും കയ്യോടെ തിരികെ വരുമോ?

     തന്റെ സിനിമകളിൽ വെച്ച ചാപ്ലിന് എറ്റവും പ്രിയപ്പെട്ട സിനിമയാണ് ദ ഗോൾഡ് റഷ്. ചിത്രത്തിന്റെ സംവിധാനം, നിർമ്മാണം, രചന, സംഗീതം, ചിത്രസംയോജനം തുടങ്ങിയ മേഖലകളെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് ചാപ്ലിൻ തന്നെയാണ്. ഒരു നിശ്ശബ്ദചിത്രമായാണ് ദ ഗോൾഡ് റഷ് 1925-ൽ റിലീസ് ചെയ്യുന്നതെങ്കിലും 1942-ൽ ചാപ്ലിന്റെ നറേഷനോടുകൂടി ഈ ചിത്രം വീണ്ടും റിലീസ് ചെയ്യുകയുണ്ടായി.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 1925
  • വിഭാഗം : കോമഡി
  • സംവിധാനം : ചാർളി ചാപ്ലിൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക