സിറ്റി ലൈറ്റ്സ് | City Lights

     നിശബ്ദസിനിമകൾ ശബ്ദചിത്രങ്ങൾക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന കാലത്തായിരുന്നു സിറ്റി ലൈറ്റ്സ് എന്ന ക്ലാസിക്ക് ചിത്രത്തിന്റെ ജനനം. എന്നിട്ടും  സിറ്റി ലൈറ്റ് ഒരുക്കിയത് നിശബ്ദചിത്രമായാണ്.‌ ശബ്ദസിനിമകളോടുള്ള വിരോധമാണ് ചാപ്ലിനെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

     ചാപ്ലിന്റെ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ സിനിമയാണത്രേ ഇത്. അദ്ദേഹത്തിന്റെ അമ്മയുടെ അവസാന നാളുകളിൽ അവരുടെ മാനസികനില പൂർണ്ണമായും തകരാറിലായിരുന്നു. മാതാവിന്റെ മരണം ചാപ്ലിനെ വിഷാദരോഗത്തിന്റെ വക്കോളമെത്തിക്കുകയും ചെയ്തിരുന്നു. അക്കാലത്താണ് ചാപ്ലിന്റെ മനസ്സിൽ 'സിറ്റി ലൈറ്റ്സി'ന്റെ കഥ ഉടലെടുക്കുന്നത്.

     പൂ വിൽക്കുന്ന അന്ധയുവതിയുമായി പ്രണയത്തിലാവുന്ന ഒരു യാചകന്റെയും അവർക്കിടയിലേക്ക് കടന്ന് വരുന്ന ഒരു കോടീശ്വരന്റെയും കഥയാണ് ചിത്രം പറയുന്നത്. ചാർളി ചാപ്ലിനും വിർജീനിയ ചെറിലും ഹാരി മയേഴ്സുമാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളെ അവതരിപ്പിച്ചത്.

     ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്തായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ പരിപൂർണ്ണതയ്ക്ക് വേണ്ടിയുള്ള ചാപ്ലിന്റെ കടുംപിടുത്തങ്ങൾ പലപ്പോഴും ചിത്രീകരണ കാലയളവ് നീണ്ടു പോകുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ രണ്ടു വർഷത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിറ്റി ലൈറ്റ്സ് വെള്ളിത്തിരയിലെത്തിയത്. എക്കാലത്തെയും മികച്ച ലോകസിനിമകളിലൊന്നായാണ് നിരൂപകർ ഈ ചലച്ചിത്രത്തെ വിലയിരുത്തുന്നത്.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : സൈലന്റ്
  • വർഷം : 1931
  • വിഭാഗം : റൊമാന്റിക് ഡ്രാമ
  • സംവിധാനം : ചാർളി ചാപ്ലിൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക