ഗ്രാവിറ്റി | Gravity

ഇരുപത് മിനിറ്റോളം നീളമുള്ള ഒരു  ഷോട്ടോടെയാണ് സിനിമയാരംഭിക്കുന്നത്. ആ ഇരുപത് മിനിറ്റിനിടെ നമ്മെ റിയാൻ സ്റ്റോണിന്റെയും മാത്യു കൊവാൾസ്കിയുടെയും 'സമീപത്തെത്തിക്കാൻ' ചിത്രത്തിന് കഴിയുന്നുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഗ്രാവിറ്റി എന്ന വാക്കിലൂന്നിയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണവും. നമുക്ക് തീർത്തും അന്യമായതും നമ്മുടെ സങ്കൽപ്പങ്ങളിൽ മാത്രമുള്ളതുമായ ഒരിടമാണ് ബഹിരാകാശം. അവിടേക്കാണ് ഗ്രാവിറ്റി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

     റിയാൻ സ്റ്റോൺ ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്കോപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന മെഡിക്കൽ എഞ്ചിനീയറാണ്. മാത്യു കൊവാൾസ്കിയ്ക്കവട്ടെ നിരവധി തവണ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള പരിചിത സമ്പന്നനായ ശാസ്ത്രജ്ഞനും.

     ചെറിയ ഒരശ്രദ്ധ ബഹിരാകാശത്ത് വലിയ പല പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമായിത്തീരുന്നു. പല ബഹിരാകാശ നിലയങ്ങളും തകരുന്നു. പലരുടെയും ജീവൻ നഷ്ടപ്പെടുന്നു. റിയാൻ പക്ഷേ തോറ്റുകൊടുക്കാൻ തയ്യാറല്ല. അതിജീവനത്തിന് വേണ്ടിയുള്ള അവളുടെ കഠിന പരിശ്രമങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുകയാണ്.

     മെക്സിക്കൻ സംവിധായകനായ അൽഫോൺസോ ക്വാറോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ അനുഭവിക്കാൻ കഴിയുക ത്രിമാനരൂപത്തിൽ കാണുമ്പോൾ മാത്രമാണ്‌. ദ്വിമാനരൂപത്തിലുള്ള കാഴ്ച കഥ മനസ്സിലാക്കാൻ മാത്രമുതകുന്നതാണെന്ന് ചുരുക്കം. ഇമാനുവൽ ലുബിൻസ്കി എന്ന ക്യാമറാമാന്റെ പരിശ്രമം സിനിമയുടെ മാറ്റ് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. റിയാൻ സ്റ്റോൺ ആയി വേഷമിട്ട സാന്ദ്ര ബുള്ളോക്കിന്റെയും കൊവാൾസ്കിയെ അവതരിപ്പിച്ച ജോർജ് ക്ലൂണിയുടേയും അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്.

  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 2013
  • വിഭാഗം : സയൻസ് ഫിക്ഷൻ
  • സംവിധാനം : അൽഫോൺസോ ക്വാറോൺ

Archive

കോൺടാക്റ്റ് ഫോം

അയക്കുക