വൈൽഡ് ടെയിൽസ് | Wild Tales

     മനുഷ്യനിൽ അന്തർലീനമായ അഹംബോധം അവന് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തുമ്പോൾ അത് പ്രതികാരമായി മാറി വഴക്കിലേക്കും കയ്യാങ്കളിയിലേക്കും ചിലപ്പോൾ കൊലപാതകത്തിലേക്ക് തന്നെയും നയിക്കുന്നു. വളരെ നിസ്സാരമായ ഒരു കാര്യത്തിന്മേൽ തുടങ്ങുന്ന വഴക്കുകളാണ് പിന്നീട് വലിയ പ്രശ്നമായി ആളിക്കത്തുകയും അത് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള നാശനഷ്ടങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നത്. അതിനുള്ള ഉത്തമോദാഹരണമാണ് വൈൽഡ് ടെയിൽസ് എന്ന സ്പാനിഷ് ആന്തോളജി ചലചിത്രം. ഹിംസ, പ്രതികാരം എന്നീ രണ്ട് ഘടകങ്ങളാൽ ബന്ധപ്പെട്ട് കിടക്കുന്ന ആറ് ഹ്രസ്വ ചിത്രങ്ങളാണ് സിനിമയിലുള്ളത്.

     സിനിമയുടെ ടൈറ്റിൽ തുടങ്ങുന്നതിന് മുമ്പ് കാണിക്കുന്ന ചെറിയ ചെറിയ കഥയിൽ നിന്ന് തന്നെ പിന്നീടങ്ങോട്ടുള്ള കഥകൾ എപ്രകാരമുള്ളതായിരിക്കും എന്നതിന്റെ ഏകദേശരൂപം നമുക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങൾ വികാരങ്ങൾക്ക് അടിമപ്പെട്ട് ചെയ്യുന്ന പ്രവൃത്തികൾ അവരെ പലപ്പോഴും കൊണ്ടുചെന്നെത്തിക്കുന്നത് ഒരു തിരിച്ചുവരവ് സാദ്ധ്യമല്ലാത്ത അവസ്ഥയിലേക്കാണ്. വിമാനവും, റെസ്റ്റോറന്റും, റോഡും, വിവാഹസത്കാര ചടങ്ങുമെല്ലാം അവരുടെ വികാരവിക്ഷോഭങ്ങൾ ആളിക്കത്തുന്നതിനുള്ള വേദികളായി മാറുന്നു.

     വികാരങ്ങൾ വേണ്ടപോലെ പ്രകടിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവാണ് മനുഷ്യരെ മൃഗങ്ങളുമായി വേർത്തിരിക്കുന്നത്. ദേഷ്യം, അഹന്ത, പ്രതികാരബുദ്ധി തുടങ്ങിയവ നിയന്ത്രിക്കാനാവാത്ത മനുഷ്യർ മൃഗങ്ങൾക്ക് സമാനമാണെന്ന സാമാന്യതത്വമാണ് സിനിമ ഓരോ കഥയിലൂടെയും മുന്നോട്ട് വെക്കുന്നത്.
  • രാജ്യം : അർജന്റീന 
  • ഭാഷ : സ്പാനിഷ് 
  • വർഷം : 2014 
  • വിഭാഗം : ആന്തോളജി 
  • സംവിധാനം : ഡാമിയൻ സിഫ്രോൺ  

Archive

കോൺടാക്റ്റ് ഫോം

അയക്കുക