ദ ഗ്രീൻ മൈൽ | The Green Mile

     ആളുകൾ ചിലപ്പോഴെല്ലാം അതിഭീകരമാം വിധം നിസ്സഹായരായിത്തീരും. ചിലപ്പോൾ സ്വന്തം നിരപരാധിത്വം തെളിയിക്കാൻ കഴിയാതെയും, മറ്റു ചിലപ്പോൾ നിരപരാധിയാണെന്നറിഞ്ഞിട്ടും ഒരാളെ രക്ഷിക്കാനാവാതെയും.

     വെള്ളക്കാരികളായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പേരിൽ വധശിക്ഷ  കാത്തു കഴിയുകയാണ് കറുത്ത വർഗ്ഗക്കാരനായ ജോൺ കോഫി. സ്ഥൂല ശരീരവും അതിന് നേർവിപരീതമായി ഒരു കൊച്ചു കുട്ടിയുടേതെന്നവണ്ണം നിഷ്കളങ്കമായ മനസ്സുമാണയാൾക്ക്. ജയിലിലെത്തിയ ആദ്യ നാൾ തന്നെ തനിക്ക് ഇരുട്ടിനെ പേടിയാണെന്ന വെളിപ്പെടുത്തൽ ശരിക്കുമയാൾ എങ്ങനെയുള്ള മനുഷ്യനാണെന്ന് കാട്ടിത്തരുന്നു.

     ജോണിന്റെ അമാനുഷികശക്തികൾ പോളിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും അദ്ഭുതത്തിന്റെ മുൾമുനയിൽ നിർത്തുന്നതോടൊപ്പം അയാളുടെ നിരപരാധിത്വം തെളിയിക്കുന്നതിലുള്ള നിസ്സഹായാവസ്ഥ അവരെ വേദനയുടെ പടുകുഴിയിലേക്ക് തള്ളി വിടുകയും ചെയ്യുന്നുണ്ട്. ക്രൂരത മാത്രം കൈമുതലായുള്ള ജയിലുദ്യോഗസ്ഥനായ പേഴ്സിക്കും താൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് കാരണക്കാരനായ വില്ല്യമിനും ജോണിൽ നിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന ശിക്ഷകൾ കാലത്തിന്റെ കാവ്യനീതിയായി മാറുന്നു.

     ആളുകൾ പരസ്പരം മോശമായി പെരുമാറുന്നത് തനിക്ക് സഹിക്കാനാവുന്നില്ലെന്നും, ലോകത്തിലെ സകല വേദനകളും താൻ കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്നും അത് കുപ്പിച്ചില്ലുകളായി തന്റെ തലയിൽ കുത്തിത്തറയ്ക്കുന്നുവെന്നും നയനാർദ്രനായി ജോൺ കോഫി പറഞ്ഞു നിർത്തുമ്പോൾ മരണമെന്ന യാഥാർത്ഥ്യത്തെ അയാൾ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ടെന്നും അതിനെ സ്വീകരിക്കാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നും നാം തിരിച്ചറിയുന്നു.

     ജീവിതത്തിലൊരിക്കലും സിനിമ കാണാത്ത ജോൺ കോഫി 'മരണക്കസേര'യിലേക്കുള്ള തന്റെ യാത്രയ്ക്ക് മുമ്പ് 'ടോപ്പ് ഹാറ്റ് ' എന്ന സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. 'ഗ്രീൻ മൈലി'ന്റെ തുടക്കത്തിൽ ഫ്ലാഷ്ബാക്കിലേക്കുള്ള സഞ്ചാരപാതയുടെ വാതായനമായി മാറുന്നതും ആ ചിത്രം തന്നെയാണ്.

മൂന്ന് മണിക്കൂറിലധികം നീളമുള്ള ചലചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനിൽ വിരസതയുണർത്തുന്നില്ല. സ്റ്റീഫൻ കിംഗ് എഴുതിയ നോവലിന് ദൃശ്യഭാഷ ചമയ്ക്കുന്നതിൽ സംവിധായകനായ ഫ്രാങ്ക് ഡാരബോണ്ട് പൂർണ്ണമായും വിജയിക്കുന്നു. മൈക്കൽ ക്ലാർക്ക് ഡങ്കന്റെ അഭിനയ ജീവിതത്തിലെ എറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറിയ ജോൺ കോഫി വഴി മികച്ച സഹനടനുള്ള അക്കാഡമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി. പോളിനെ അവതരിപ്പിച്ച ടോം ഹാങ്ക്സും മറ്റഭിനേതാക്കൾ ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തി.

അന്ധമായ വർണ്ണ വിവേചനത്തെപ്പറ്റി പരോക്ഷമായും വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ക്രൂരമായ മാർഗ്ഗങ്ങളെക്കുറിച്ച് പ്രത്യക്ഷമായും പ്രതിപാദിക്കുന്നുണ്ട് ഗ്രീൻ മൈൽ. ഫാന്റസിയുടെയും യാഥാർത്ഥ്യത്തിന്റെയും സമന്വയമായ ഈ ചിത്രം പലപ്പോഴും പ്രേക്ഷകന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ് 
  • ഭാഷ : ഇംഗ്ലീഷ് 
  • വിഭാഗം : ഫാന്റസി ക്രൈം ഡ്രാമ 
  • വർഷം : 1999 
  • സംവിധാനം : ഫ്രാങ്ക് ഡാരബോണ്ട് 

Archive

കോൺടാക്റ്റ് ഫോം

അയക്കുക