96
     റാം എന്ന അന്തർമുഖനായ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ ജീവിതത്തിലേക്ക് വളരെ നിശബ്ദമായി, തികച്ചും പൂർണ്ണമായ അർത്ഥത്തിൽ പ്രണയം കടന്ന് വരികയാണ്...മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ ഒരു തരി പോലും, ഒരിക്കൽ പോലും ജാനുവിനോട് പ്രകടിപ്പിക്കാൻ അവനാവുന്നില്ലെങ്കിലും അവരിരുവർക്കും നന്നായറിയാം ആ പ്രണയത്തിന്റെ ആഴമെത്രത്തോളമുണ്ടെന്ന്...

     ജാനുവിന്റെ ജീവിതത്തിൽ നിന്നും താൻ എന്നെന്നേക്കുമായി പറിച്ചുമാറ്റപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും ആ പ്രണയത്തോടോ അവളോടോ ഉള്ള അയാളുടെ കാഴ്ച്ചപ്പാടിൽ ഒരു മാറ്റവും വരുന്നില്ല...തന്നിലെ പ്രണയം മുഴുവൻ ജാനുവിന് സമർപ്പിച്ചതിനാലാവാം മറ്റൊരു പെൺകുട്ടിയെയും റാം തന്റെ ജീവിതത്തിലേക്ക് വരാൻ അനുവദിക്കാതിരുന്നത്...മറ്റൊരു പെൺകുട്ടിയെയും തനിക്കിനി സ്നേഹിക്കാനാവില്ലെന്ന അയാളുടെ തിരിച്ചറിവ് കൂടിയാണത്...

     അയാൾ ട്രാവൽ ഫോട്ടോഗ്രാഫിയെ സ്വന്തം കർമ്മമേഖലയായി തിരഞ്ഞെടുത് ഒരു പക്ഷേ ജാനുവിന്റെ ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ വേണ്ടിയായിരിക്കാം... അല്ലെങ്കിൽ അവളുടെ ഓർമ്മയെന്ന ലഹരിയിലേക്ക് വേരുകളാഴ്ത്താൻ വേണ്ടിയുമാവാം... രണ്ട് ദശകങ്ങൾക്കിപ്പുറം അവർ കണ്ടുമുട്ടുമ്പോൾ പ്രണയപരവശനായ ഹൈസ്കൂൾ വിദ്യാർത്ഥിയിൽ നിന്നും അയാളുടെ ശരീരത്തിനല്ലാതെ മനസ്സിനൊരു മാറ്റവും സംഭവിക്കുന്നില്ല...

     'റൊമ്പ ദൂരം പോയിട്ടിയാ റാം?' എന്നുള്ള ജാനുവിന്റെ ചോദ്യത്തിന് 'ഉന്ന എങ്കെ വിട്ടയോ അങ്കെ താൻ നിക്കിറേൻ ജാനൂ' എന്ന അയാളുടെ മറുപടിയിൽ ഇരുപത് വർഷത്തെ കാത്തിരിപ്പും, വിരഹവും, മാറ്റം സംഭവിക്കാത്ത അയാളുടെ പ്രണയവുമെല്ലാം തളം കെട്ടി നിൽക്കുന്നുണ്ട്...തന്റെ ഭാര്യയായ ജാനകിയെ കാട്ടിലേക്കയക്കുന്ന രാമായണത്തിലെ രാമനല്ല, തന്റെ പ്രണയിനിയായ ജാനകിയുടെ ഓർമ്മകളിൽ ജീവിക്കുന്ന രാമനാണിതെന്ന് ചുരുക്കം.

     തനിക്ക് എറ്റവും പ്രിയപ്പെട്ട പാട്ട് അവളുടെ ശബ്ദത്തിൽ കേൾക്കാനുള്ള അയാളുടെ കാത്തിരിപ്പ് സഫലമാവുന്നത് ഇരു ദശകങ്ങൾക്കപ്പുറമാണ്...അവരൊന്നിക്കുന്ന ആ രാത്രിയിൽ അതിലും മനോഹരമായ എന്ത് സമ്മാനമാണ് അവന് വേണ്ടി അവൾക്ക് നൽകാനാവുക?

     റാം ഓർമ്മപ്പെടുത്തിയത് 'പക്ഷേ'യിലെ നന്ദിനിക്കുട്ടിയെയെയാണ്...നന്ദിനിക്കുട്ടി ബാലചന്ദ്രനെ, അവളുടെ ബാലേട്ടനെ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ട്... ബാലചന്ദ്രൻ മറ്റൊരുവളെ കല്ല്യാണം കഴിക്കുമ്പോൾ അയാളുടെ ഓർമ്മകളുമായി ജീവിക്കാനാണ് അവളിഷ്ടപ്പെടുന്നത്... വർഷങ്ങൾക്കപ്പുറം അവർ കണ്ടുമുട്ടുകയും പഴയ ബാലചന്ദ്രനും നന്ദിനിക്കുട്ടിയുമായി മാറുകയും ചെയ്യുന്നു. ഒടുവിൽ ബാലചന്ദ്രൻ സ്വന്തം കുടുംബത്തിലേക്കും നന്ദിനിക്കുട്ടി ബാലചന്ദ്രന്റെ ഓർമ്മകളിലേക്കും മടങ്ങുന്നിടത്ത് നന്ദിനിക്കുട്ടി നേർത്തൊരു വിങ്ങലായി മാറുന്നു. ഇവിടെ റാമും അപ്രകാരം തന്നെ.

"....കാതലേ കാതലേ
തനിപെരും തുണയേ
കൂട വാ കൂട വാ പോതും പോതും

കാതലേ കാതലേ
വാഴ് വിൻ നീളം
പോകലാം പോകവാ നീ....."

     ജീവിതത്തിന്റെ അറ്റം വരെ പോകാൻ അയാൾക്ക് ആ പ്രണയം മാത്രം മതി. തന്റെ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകൾ മാത്രം മതി...
  • രാജ്യം : ഇന്ത്യ 
  • ഭാഷ : തമിഴ് 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2018  
  • സംവിധായകൻ : സി.പ്രേം കുമാർ 

Archive

കോൺടാക്റ്റ് ഫോം

അയക്കുക