ലെറ്റ് ദ റൈറ്റ് വൺ ഇൻ | Let the right one in

     ഓസ്കാറിന്റെ അച്ഛനും അമ്മയും വിവാഹബന്ധം വേർപ്പെടുത്തിയവരാണ്. അതിനാൽ അമ്മയോടൊപ്പമാണ് ആ പന്ത്രണ്ട് വയസ്സുകാരന്റെ താമസം. അവർ താമസിക്കുന്ന ഫ്ലാറ്റിലെ പുതിയ താമസക്കാരാണ് ഏലി എന്ന പെൺകുട്ടിയും അവളുടെ അച്ഛനും. ഓസ്കാറിനെപ്പോലെ ഏലിയും അന്തർമുഖത്വം കാത്തുസൂക്ഷിക്കുന്നവളാണ്. ഒറ്റപ്പെടൽ എന്ന സമാനാവസ്ഥയായിരിക്കാം അവർക്കിടയിൽ സൗഹൃദത്തിന്റെ വിത്തുകൾ പാകുന്നതിന് കാരണമായിത്തീർന്നത്.

     മഞ്ഞ് വീഴുന്ന രാത്രികളിൽ അവർ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിൽ അവർ പതിവായി കണ്ട് മുട്ടുന്നു. ആ കണ്ടുമുട്ടലുകൾ അവരുടെ സൗഹൃദം ദൃഢമാക്കി മാറ്റുകയും ചെയ്യുന്നു. ഏലിയുടെ പെരുമാറ്റരീതികളിലെ വൈചിത്ര്യം പലപ്പോഴും അവന്റെ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിലും അവന് ആ സൗഹൃദം നഷ്ടപ്പെടുത്താൻ വയ്യ. തണുപ്പിനെ വക വെയ്ക്കാതെ മഞ്ഞിലൂടെ നഗ്നപാദയായി നടക്കുന്ന, ശരീരത്തിൽ നിന്നും മൃതദേഹത്തിന്റെ ഗന്ധം വമിക്കുന്ന ഏലിയോട് ഒരിക്കൽ അവൻ ചോദിക്കുന്നുണ്ട് : "ആർ യൂ എ വാമ്പയർ?"

     ഒരുമിച്ചൊരു കിടക്കയിൽ ശയിക്കുമ്പോഴും അവളുടെ സൗഹൃദത്തെ കുറിച്ച് മാത്രമാണവന്റെ ചിന്ത, ശരീരത്തെക്കുറിച്ചല്ല. താൻ പേറുന്ന രഹസ്യങ്ങളുടെ ഭാണ്ഡം അവനു മുന്നിൽ അഴിച്ച് വെക്കുമ്പോഴും അവളെ വെറുക്കാൻ അവനാവുന്നില്ല. കഥയിലെ മറ്റു പല ഘടകങ്ങളും മാറ്റി നിർത്തിയാൽ സമൂഹം ഒറ്റപ്പെടുത്തുകയും അകറ്റി നിർത്തുകയും ചെയ്യുന്ന രണ്ട് പേരുടെ ഒത്തുചേരലിന്റെ കഥയാണ് ഇതെന്നും നമുക്ക് പറയാൻ കഴിയും.
  • സിനിമ : ലെറ്റ് ദ റൈറ്റ് വൺ ഇൻ
  • രാജ്യം : സ്വീഡൻ
  • ഭാഷ : സ്വീഡിഷ്
  • വർഷം : 2008
  • സവിധാനം : തോമസ് ആൽഫ്രഡ്സൺ

Archive

കോൺടാക്റ്റ് ഫോം

അയക്കുക