അപ്പ് | Up

     തീർത്തും അവിചാരിതമായാണ് കുട്ടികളായ കാൾ ഫ്രെഡറിക്സന്റെയും എല്ലിയുടെയും  കണ്ടുമുട്ടൽ. പെട്ടന്ന് തന്നെ അവർ സുഹൃത്തുക്കളാവുന്നു. വർഷങ്ങൾക്ക് ശേഷം അവരുടെ സൗഹൃദം പ്രണയത്തിന് വഴി മാറുകയും അവർ വിവാഹിതരാവുകയും ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലുള്ള പാരഡൈസ് വെള്ളച്ചാട്ടം കാണാൻ പോകണമെന്നത് ഇരുവരുടെയും കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമാണ്. അവർ അതിനു വേണ്ടി പണം സ്വരൂപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഓരോ തവണയും അവർ സ്വരൂപിച്ച് വെച്ച പണമത്രയും പല ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരികയും അവരുടെ യാത്ര അനന്തമായി നീളുകയും ചെയ്യുന്നു. ഒടുവിൽ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ പോലും അവഗണിച്ച് കാൾ തങ്ങളുടെ യാത്രയ്ക്കുള്ള ടിക്കറ്റുമായെത്തുമ്പോൾ എല്ലി കാളിനെ തനിച്ചാക്കി ഈ ലോകം വിട്ട് യാത്രയായിട്ടുണ്ടാവും.

     മരണത്തിന് മുമ്പ് എല്ലിക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ കാൾ പാരഡൈസ് വെള്ളച്ചാട്ടം കാണാൻ യാത്ര തിരിക്കുകയാണ്. അയാൾ യാത്രയ്ക്കുള്ള എയർഷിപ്പ് ആയി  ഉപയോഗിക്കുന്നത് സ്വന്തം വീട് തന്നെയാണ്. റസ്സൽ എന്ന കുഞ്ഞു ബാലനും അവിചാരിതമായി അയാളുടെ യാത്രയിൽ പങ്കാളിയാവുന്നു.

     കാളും എല്ലിയും തമ്മിൽ കണ്ടുമുട്ടുന്നത് മുതൽ ഇരുവർക്കും പ്രായമാകുന്നത് വരെയുള്ള ചിത്രത്തിന്റെ തുടക്കത്തിലെ രംഗങ്ങൾ എടുത്ത് പറയേണ്ടവതാണ്. ഏൺപത് വയസ്സിനടുത്ത് പ്രായമുള്ള പരുക്കൻ സ്വഭാവക്കാരനായ കാളും നിഷ്കളങ്കതയുടെ പര്യായമായ റസ്സലും തമ്മിലുള്ള രംഗങ്ങൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

     നർമ്മവും സാഹസികതയും കഥാപാത്ര നിർമ്മിതിയുമെല്ലാം ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമ്മിച്ച് വാൾട്ട് ഡിസ്നി മോഷൻ പിക്ചേഴ്സ് വിതരണം ചെയ്ത ചിത്രം വൻ സാമ്പത്തികവിജയം കൈവരിക്കുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയേറ്റുവാങ്ങുകയും ചെയ്തു. ചിത്രത്തിന്റെ സഹസംവിധാനം നിർവഹിച്ചത് ബോബ് പീറ്റേഴ്സണും സംഗീതം ചിട്ടപ്പെടുത്തിയത് മൈക്കിൾ ജിയച്ചിനോയുമാണ്. അഞ്ച് ഓസ്കാർ നോമിനേഷനുകൾ ലഭിച്ച ഈ ചിത്രം ബെസ്റ്റ് അനിമേറ്റഡ് ഫിലിം, ബെസ്റ്റ് ഒറിജിനൽ സ്കോർ എന്നീ വിഭാഗങ്ങളിൽ അവാർഡ് നേടുകയും ചെയ്തു.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 2009
  • വിഭാഗം : അനിമേഷൻ
  • സംവിധാനം : പീറ്റ് ഡോക്ടർ

Archive

കോൺടാക്റ്റ് ഫോം

അയക്കുക