12 ഇയേഴ്സ് എ സ്ലേവ് | 12 Years a Slave

     ന്യൂയോർക്കിൽ തന്റെ കുടുംബവുമൊത്ത് സ്വൈര്യ ജീവിതം നയിച്ചിരുന്ന അഭ്യസ്ഥവിദ്യനായ സോളമൻ നോർത്തപ്പ് എന്ന കറുത്തവർഗ്ഗക്കാരന്റെ എല്ലാ സ്വാതന്ത്ര്യങ്ങളെയും അപഹരിച്ച് വെള്ളക്കാർ അയാളെ വാഷിങ്ടണിലേക്ക് തട്ടിക്കൊണ്ട് പോവുകയും അടിമയായി വിൽക്കുകയും ചെയ്യുന്നു. തുടർന്ന് നീണ്ട പന്ത്രണ്ട് വർഷങ്ങൾ അയാൾക്ക് ലൂസിയാനയിലെ വെള്ളക്കാരുടെ തോട്ടങ്ങളിൽ ദുരിതപൂർണ്ണമായ അടിമജീവിതം നയിക്കേണ്ടി വന്നു. സോളമൻ തന്റെ ജീവിതാനുഭവങ്ങൾ 1853ൽ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 12 ഇയേഴ്സ് എ സ്ലേവ് എന്ന പ്രശസ്ത ചലചിത്രം.

     ഒരു മനുഷ്യന് ഏറ്റുവാങ്ങാൻ കഴിയുന്നതിലുമപ്പുറം കൊടിയ പീഡനങ്ങളാണ് തങ്ങളുടെ ജോലിയിടങ്ങളിൽ കറുത്തവർഗ്ഗക്കാരായ അടിമകൾ ഏറ്റുവാങ്ങിയിരുന്നത്. യാതൊരു വിധ മാനുഷിക പരിഗണനയുമില്ലാതെ അവരെക്കൊണ്ട് പണികൾ ചെയ്യിച്ചിരുന്നു. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നു. ചിലപ്പോൾ അതിക്രൂരമായി അനായാസം അവരുടെ ജീവനെടുത്തിരുന്നു. വർണ്ണവെറി പൂണ്ട വെള്ളക്കാരുടെ ക്രൂരതകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അസംഖ്യം കറുത്തവർഗ്ഗക്കാരുടെ പ്രതിനിധിയാണ് സോളമൻ.

     ചിത്രത്തിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കേന്ദ്ര കഥാപാത്രമായ സോളമനെ അവതരിപ്പിച്ച ചൂവെറ്റൽ എജിയോഫോറിന്റെ മാസ്മരിക അഭിനയം തന്നെയാണ്. ഒരാളുടെ അസാധാരണ ജീവിതാനുഭവത്തെ അസാധാരണമായ ദൃശ്യാനുഭവമാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സ്റ്റീവ് മക്വീൻ എന്ന സംവിധായകനെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.

     അടിമത്തത്തിന്റെ അതിഭീകരമായ അവസ്ഥ അടയാളപ്പെടുത്തിയ ഈ ചലചിത്രം മികച്ച ചിത്രത്തിനുള്ള അക്കാഡമി പുരസ്കാരം നേടുകയുണ്ടായി.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 2013
  • സംവിധാനം : സ്റ്റീവ് മക്വീൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക