ദ ഇൻടച്ചബിൾസ് | The Intouchables

     ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും മനസ്സിനെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നുണ്ട് 'ദ ഇൻടച്ചബിൾസ് ' കൈകാലുകൾ തളർന്ന മദ്ധ്യവയസ്ക്കനായ ഒരു കോടീശ്വരന്റെയും അയാളെ പരിചരിക്കാനെത്തുന്ന യുവാവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ബ്യൂട്ടിഫുൾ എന്ന മലയാളം സിനിമയുടെ പിറവി ഈ ചിത്രത്തിൽ നിന്നുമായിരിക്കണം. കോടീശ്വരനായ ഫിലിപ്പ് ആയി ഫ്രാൻസിസ് ക്ലസറ്റും, ഡ്രിസ് എന്ന യുവാവായി ഒമർ സൈയും വേഷമിട്ടിരിക്കുന്നു.

     ഫിലിപ്പിനെ പരിചരിക്കാനായി പുതിയ ഒരാളെ തിരഞ്ഞെടുക്കുകയാണ്. ഡ്രിസ്സിനാണ് നറുക്ക് വീഴുന്നത്. ജോലിക്കെത്തിയ ദിവസം മാത്രമാണ് അതൊരു സ്ഥിരം ജോലി അല്ലെന്നും കൃത്യനിർവ്വഹണ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ജോലിസ്ഥിരത എന്നും അവൻ മനസ്സിലാക്കുക. പൊട്ടിത്തെറിച്ച സ്വഭാവമാണ് ഡ്രിസ്സിന്റേത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ ആർക്കും അയാളെ ഇഷ്ടമാവുന്നില്ല. എന്നാൽ ഡ്രിസ്സും ഫിലിപ്പും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം വളരുകയും ഫിലിപ്പിന്റെ ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു. ഫിലിപ്പി‌ന്റെ പെൻ ഫ്രണ്ടായ എലനോറിലേക്ക് അയാളെ അടുപ്പിക്കുന്നത് ഡ്രിസ്സാണ്. രോഗശയ്യയിൽ യാതൊരുവിധ സന്തോഷവുമില്ലാതെ കിടന്നിരുന്ന ഫിലിപ്പിന്റെ ജീവിതത്തിന് ഡ്രിസ്സ് പുതിയൊരു ഉണർവ്വ് ഉണ്ടാക്കുന്നു. എന്നാൽ ഇരുവരും വീണ്ടും അകലുന്നതോടെ ഫിലിപ്പിന്റെ ജീവിതത്തെ അത് സാരമായി ബാധിക്കുകയാണ്. ഫിലിപ്പിന്റെ ജീവിതത്തിലേക്ക് ഡ്രിസ്സ് വീണ്ടും തിരിച്ചെത്തുമോ?

     രണ്ട് പേർ തമ്മിലുള്ള സൗഹൃദത്തിന്റെ മേമ്പൊടി ചേർത്ത് പറഞ്ഞ കഥയിലൂടെ രാജ്യത്ത് ഇന്നും നിലനിൽക്കുന്ന വർണ്ണ വിവേചനത്തിന്റെയും സാമൂഹിക അസമത്വങ്ങളുടേയും യഥാർത്ഥ ചിത്രം കൂടിയാണ് സിനിമ ഉയർത്തിക്കാട്ടിയത്. ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകളെ പിടിച്ചു കുലുക്കിയ ചിത്രം ലോകമെമ്പാടുമുള്ള നിരവധി ചലചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
  • രാജ്യം : ഫ്രാൻസ്
  • ഭാഷ : ഫ്രഞ്ച്
  • വർഷം : 2011
  • വിഭാഗം : കോമഡി ഡ്രാമ

Archive

കോൺടാക്റ്റ് ഫോം

അയക്കുക