അഹല്യ | Ahalya

     ഒരു ക്യാമറയുണ്ടെങ്കിൽ ആർക്കും ഷോർട്ട് ഫിലിം എടുക്കാം എന്ന നിലയിലേക്ക് പുതു തലമുറക്കാരുടെ ചിന്ത എത്തിക്കഴിഞ്ഞു എന്നതിന് ഉദാഹരണമാണ് ഇന്ന് നാം യൂട്യൂബിൽ കാണുന്ന പല ഷോർട്ട് ഫിലിമുകളും. അപൂർവ്വം ചില നല്ല ഹ്രസ്വ ചിത്രങ്ങളും അക്കൂട്ടത്തിൽ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. നാം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിം ആണ് അഹല്യ. സംവിധാനവും അഭിനയവും എഡിറ്റിംഗും എല്ലാം ഒന്നിനൊന്ന് മെച്ചം.

     പതിനാല് മിനിറ്റാണ് ഈ ബംഗാളി ഷോർട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സുജയ് ഘോഷാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഹാനി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകനാണ് സുജയ് ഘോഷ്. പ്രശസ്ത ബംഗാളി നടനായ സൗമിത്ര ചാറ്റർജി, രാധിക ആപ്തേ തുടങ്ങിയവരാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൻ ചലനം തന്നെ സൃഷ്ടിക്കുകയുണ്ടായി. സത്യജിത് റേയുടെ ഒരു ചെറുകഥയെ അവലംബിച്ചാണ് സുജയ് ഘോഷ് ഈ കഥ ഒരുക്കിയിരിക്കുന്നത്.

     രാമായണത്തിലെ അഹല്യ എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാമായണത്തിലെ കഥയുടെ പുത്തൻ വ്യാഖ്യാനമായും ഇതിനെ വിശേഷിപ്പിക്കാം. ഇന്ദ്ര സെന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അര്‍ജ്ജുന്‍ എന്ന യുവാവിന്‍റെ തിരോധാനം അന്വേഷിച്ചു ഗൌതം സാധു എന്ന വൃദ്ധ കലാകാരന്റെ വീട്ടില്‍ എത്തുന്നു. അവിടെ അയാളെ സ്വീകരിക്കുന്നത് അയാളുടെ  സുന്ദരിയും ചെറുപ്പക്കാരിയും ആയ ഭാര്യയാണ്.അര്‍ജ്ജുനെ പറ്റി വൃദ്ധനോട് ആരായുന്ന ഇന്ദ്ര സെന്നിന് ലഭിക്കുന്നത് അത്ര സ്വീകാര്യമല്ലാത്ത മറുപടി ആണ്. പിന്നീട് അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആരെയും അമ്പരപ്പിക്കുന്ന ക്ലൈമാക്സ് ഒരുക്കുന്നതിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സുജയ് ഘോഷ് വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.Archive

കോൺടാക്റ്റ് ഫോം

അയക്കുക