ചെമ്മീൻ മുതൽ മൊയ്തീൻ വരെ

      അതാത് കാലങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾ മലയാളിയുടെ പ്രണയ സങ്കൽപ്പങ്ങളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌. അതുകൊണ്ട് തന്നെയാണ് പ്രണയത്തിന്റെ തുടക്കം മുതൽ പ്രണയസാഫല്യമോ നഷ്ടപ്രണയമോ വരെയുള്ള നിത്യജീവിതത്തിലെ ഓരോ അവസ്ഥകളെയും അറിഞ്ഞോ അറിയാതെയോ നമ്മൾ സിനിമയുമായി ബന്ധിപ്പിക്കുന്നതും. മലയാളിയുടെ മനസ്സിൽ പ്രണയമഴ പെയ്യിപ്പിച്ച ചിത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

     തിയേറ്റർ സ്ക്രീനുകളിലേക്ക് വർണ്ണങ്ങൾ പടർന്നിറങ്ങാൻ തുടങ്ങിയ ശേഷം മലയാളി നെഞ്ചിലേറ്റിയ ആദ്യ പ്രണയചിത്രമെന്ന ഖ്യാതി 'ചെമ്മീനി'ന് അവകാശപ്പെട്ടതാണ്. സിനിമയിൽ എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള അന്തരം ഇല്ലാതായ ഒരു കാലഘട്ടത്തിലായിരുന്നു നഷ്ടപ്രണയം പ്രമേയമാക്കിയ ഈ ചിത്രത്തിന്റെ പിറവി. തന്റെ പ്രണയിനിയായ കറുത്തമ്മയെ ഓർത്ത് ഹൃദയവേദനയോടെ പരീക്കുട്ടി പാടിയ 'മാനസ മൈനേ വരൂ' എന്ന ഗാനം ആ തലമുറ ഒന്നടങ്കം ഏറ്റു പാടി. പ്രണയത്തിന്റെ സുഖവും വേർപാടിന്റെ വേദനയും പരിചയപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് 'മദനോത്സവം'. ധനികനായ രാജുവിന് എലിസബത്ത് എന്ന ദരിദ്ര യുവതിയോട് തോന്നിയ പ്രണയമായിരുന്നു ചിത്രത്തിന്റെ കാതൽ. കമൽ ഹാസൻ, സെറീന വഹാബിനോടൊത്ത് ആടിപ്പാടിയ ഗാനങ്ങൾ ഇടം നേടിയത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ഗാനങ്ങളുടെ പട്ടികയിലാണ്. പ്രണയത്തിന്റെ ഉദാത്തമായ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാൻ 'യാത്ര' എന്ന ചിത്രത്തിന് കഴിഞ്ഞു. കാലത്തിനോ പ്രായത്തിനോ പ്രണയമെന്ന വികാരത്തെ ഒരിക്കലും മനസ്സിൽ നിന്നും പിഴുതെറിയാനാവില്ലെന്ന് വിളിച്ചോതുന്ന ചിത്രമായിരുന്നു ഇത്. ഉണ്ണികൃഷ്ണനു വേണ്ടി ദീപം തെളിയിച്ച് കാത്തിരുന്ന തുളസി യഥാർത്ഥ പ്രണയത്തിന്റെ പ്രതീകമായി മാറി.

     'മലയാള സിനിമയിലെ പ്രണയം' എന്ന വിഷയത്തെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാനാവാത്ത പേരാണ് പത്മരാജന്റേത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അദ്ദേഹം സംവിധാനം ചെയ്ത 'തൂവാനത്തുമ്പികൾ', 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' തുടങ്ങിയവയുടെ സ്ഥാനം. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന ചിത്രത്തിലൂടെ പ്രണയത്തിന്റെ മറ്റൊരു മുഖമാണ് പത്മരാജൻ നമുക്ക് കാണിച്ചു തന്നത്. രണ്ടാനച്ഛനാൽ പീഡിപ്പിക്കപ്പെട്ട സോഫിയ സോളമനൊപ്പം ലോറിയിലേറി പോയപ്പോൾ തിരുത്തിയെഴുതപ്പെട്ടത് പ്രണയത്തിൽ പെണ്ണുടലിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ധാരണകൾ കൂടിയാണ്. പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുകയും, കൗമാരമനസ്സുകളുടെ വിഹ്വലതകൾ കാണിച്ചു തരികയും ചെയ്ത ചിത്രമായിരുന്നു 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമ. കിട്ടാതെ വരുന്ന സ്നേഹവും കരുതലുമെല്ലാം അന്യോന്യം കണ്ടെത്തി ആശ്വസിക്കുന്ന രണ്ട് ദേശാടനക്കിളികൾ... സൗഹൃദത്തിന്റെ മനോഹാരിതയ്ക്കൊപ്പം പറയാതെ പറയുന്ന സ്വവർഗ്ഗ പ്രണയത്തിന്റെ സൂചന കൂടി തരുന്നുണ്ട് ഈ ചിത്രം. പ്രണയത്തിന് മഴയുമായി അഭേദ്യമായൊരു ബന്ധമുണ്ടെന്ന് മലയാളികളെ പഠിപ്പിച്ചതും പത്മരാജൻ തന്നെയായിരുന്നു. തലമുറകൾ പലത് പിന്നിട്ടിട്ടും, 'തൂവാനത്തുമ്പികൾ' തിയേറ്റർ വിട്ട് പറന്നകന്നിട്ടും മലയാളിയുടെ മനസ്സിൽ ആ പ്രണയമഴ കാലഭേദമില്ലാതെ പെയ്തിറങ്ങുന്നു. മലയാളി മനസ്സിനെ വല്ലാതെ പിടിച്ചുലച്ച പ്രണയ ജോഡികളാണ് മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും.

     പത്മരാജന്റെ മറ്റൊരു ചിത്രമായ 'ഇന്നലെ' പറഞ്ഞത് നഷ്ടപ്രണയത്തിന്റെ കഥയാണ്. ഒരപകടത്തിൽ ഇന്നലെകൾ നഷ്ടപ്പെടുന്ന തന്റെ ഭാര്യയായ ഗൗരിയെ അപകടത്തിന് ശേഷം അവളുമായി പ്രണയത്തിലാവുന്ന ശരത് മേനോന് വിട്ടുകൊടുത്ത് അവളുടെ ജീവിതത്തിൽ നിന്നും പിൻവാങ്ങുന്ന നരേന്ദ്രന്റെ നഷ്ടപ്രണയം പ്രേക്ഷകമനസ്സുകളിൽ വിങ്ങലായി മാറി. മലയാള സിനിമയിലെ എറ്റവുമധികം അമ്പരപ്പിച്ച പ്രണയകഥ ഏതെന്ന ചോദ്യത്തിന് 'ഞാൻ ഗന്ധർവ്വൻ' എന്ന ഉത്തരമായിരിക്കും കൂടുതലിണങ്ങുക. കാരണം ആ ചിത്രത്തിലെ നായിക പ്രണയിച്ചത് ഒരു ഗന്ധർവ്വനെയായിരുന്നു എന്നതുകൊണ്ട് തന്നെ. അവളുടെ പ്രണയത്തിനു വേണ്ടി മനുഷ്യനാകാൻ അവനുമാഗ്രഹിച്ചു. മലയാള ചലച്ചിത്ര ലോകം അതുവരെ കാണാത്ത ഒരു കഥാപശ്ചാത്തലമായിരുന്നു ചിത്രത്തിന്റേത്.

     കല്യാണിക്ക് വിഷ്ണുവിനോട് ആദ്യം തോന്നിയ വെറുപ്പ് പിന്നീട് കൗതുകമായും, ഇഷ്ടമായും, ഒടുവിലത് പ്രണയമായും മാറിയപ്പോൾ മലയാള സിനിമയിൽ പുതിയൊരു പ്രണയ 'ചിത്രം' പ്രിയദര്‍ശനിലൂടെ പിറവി കൊണ്ടു. ഒടുവിൽ കല്ല്യാണിയോടൊത്ത് ജീവിക്കാനുള്ള അവന്റെ ആഗ്രഹം തൂക്കുമരത്തിലേക്കുള്ള യാത്രയിൽ അവസാനിക്കുമ്പോൾ കല്യാണിയോടൊപ്പം കണ്ണീർ വാർത്തത് പ്രേക്ഷകർ കൂടിയാണ്.

     പുറത്തിറങ്ങിയ സമയത്ത് തിയേറ്ററുകൾ ഇളക്കിമറിക്കുകയും പിന്നീട് പൈങ്കിളിപ്പടമെന്ന പേര് കേൾക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് 'അനിയത്തിപ്രാവ് ' എന്ന ചിത്രത്തിന്. എങ്കിലും പ്രണയചിത്രങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം തന്നെ മാറ്റിമറിയ്ക്കാൻ കഴിഞ്ഞ ചിത്രങ്ങളിലൊന്നാണ് ഇത്. ഭാര്യയും രണ്ട്‌ മക്കളുമുള്ള രാജീവനും, എഴുത്തുകാരിയും വിവാഹിതയുമായ നന്ദിതയും തമ്മിലുള്ള അസാധാരണ പ്രണയമാണ് 'മേഘമൽഹാർ' എന്ന ചിത്രം കാണിച്ചു തന്നത്. സമാനചിന്താഗതിയും ഇഷ്ടങ്ങളുമെല്ലാം അവർക്കിടയിലേക്ക് പ്രണയം കൊണ്ടു വരുന്നു. എന്നാൽ തങ്ങൾ വിവാഹിതരാണെന്ന വസ്തുതയും ഇരുവർക്കുമിടയിൽ രൂപപ്പെട്ട പ്രണയവും അവരുടെ മുന്നിൽ വലിയൊരു പ്രഹേളികയായി നിലനിൽക്കുകയും ചെയ്തപ്പോൾ മലയാളി അനുഭവിച്ചത് പ്രണയത്തിന്റെ വേറിട്ട ഭാവമാണ്.

     പ്രണയത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ച്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു 'പ്രേമം' എന്ന ചിത്രത്തിന്റെ അസാധാരണ വിജയം. 'ഒരുത്തി പോയാൽ വേറൊരുത്തി' എന്നുള്ള നവതലമുറയിൽപ്പെട്ട ചിലരുടെയെങ്കിലും പ്രണയസങ്കൽപ്പമോ പ്രതീക്ഷയോ ആണ് നായകനിലൂടെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന നായികമാരിലൂടെയും ചിത്രം പങ്കു വെച്ചത്. ഇരവഴഞ്ഞിപ്പുഴയുടെ ആഴങ്ങളിലെവിടെയോ അപ്രത്യക്ഷനായ മൊയ്തീനെ ഇന്നും കാത്തിരിക്കുന്ന കാഞ്ചനമാല നിത്യ പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമായി മാറി. ഈ ചിത്രത്തിലൂടെ മലയാളി അറിഞ്ഞത് കാത്തിരിപ്പിന്റെ വേദന കൂടിയാണ്.

     മലയാള സിനിമയിൽ കാലഘട്ടത്തിനനുസരിച്ച് പ്രണയ സിനിമകൾക്കും, അവയുടെ ആസ്വാദനത്തിനും മാറ്റം സംഭവിച്ചിട്ടുണ്ട്. പല കാലത്തിലും പല വിധത്തിലുള്ള പ്രണയ സിനിമകൾ വിജയിച്ചതിന് കാരണവും അത് തന്നെയാണ്. അടുത്ത കാലത്ത് 'പ്രേമം' എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം പുറത്തിറങ്ങിയ 'എന്ന് നിന്റെ മൊയ്തീൻ' അതിനേക്കാൾ മികച്ച വിജയമാവുകയുണ്ടായി. ഏതു തരം പ്രണയചിത്രങ്ങളാണ് മലയാളിക്കിഷ്ടം എന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.Archive

കോൺടാക്റ്റ് ഫോം

അയക്കുക