ദി സീക്രട്ട് ഇന്‍ ദെയർ ഐസ് | The Secret in Their Eyes"പ്ലീസ് ടെൽ ഹിം...ടെൽ ഹിം അറ്റ്‌ ലീസ്റ്റ്  റ്റു ടോക്ക് റ്റു മീ..."

     2009-ൽ പുറത്തിറങ്ങിയ അർജന്റീനിയൻ ക്രൈം ത്രില്ലറായ 'ദി സീക്രട്ട് ഇന്‍ ദെയർ ഐസ്' എന്ന ചിത്രത്തിലെ എറ്റവും മികച്ച ഒരു വാചകമാണിത്. ഈ വാചകത്തിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കിലും, ചിത്രത്തിന് ആ പേര് എത്രമാത്രം യോജിക്കുന്നുണ്ട് എന്നറിയണമെങ്കിലും ചിത്രം കാണുക തന്നെ വേണം.

     ഒട്ടേറെ വർഷങ്ങൾക്ക് ശേഷം റിട്ടയേഡ് ക്രിമിനൽ ഇന്‍വസ്റ്റിഗേറ്റര്‍ ആയ ബെഞ്ചമിനും ജഡ്ജ് ആയ ഐറിനും തമ്മിൽ കണ്ടു മുട്ടുകയാണ്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായിരുന്ന ഒരു കേസ് താൻ നോവലാക്കുന്നു എന്ന വാർത്തയാണ് കാണുമ്പോൾ ബെഞ്ചമിന് ഐറിനോട് പറയാനുള്ളത്. ലിലിയാന കൊളോട്ടോ എന്നു പേരായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസായിരിക്കും അത്. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും അവരാണ് യഥാർത്ഥ കുറ്റവാളികള്‍ എന്ന് സമ്മതിക്കാൻ ബെഞ്ചമിന്റെ മനസ്സ് തയാറാവുന്നില്ല. തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ ലിലിയാനയുടെ ഭർത്താവ് നൽകുന്ന ചില ഫോട്ടോകളിൽ നിന്നും ബെഞ്ചമിൻ പ്രതി ആരാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ ആ കുറ്റവാളി കേസിൽ നിന്നും രക്ഷപ്പെടുകയും ഇത് ലിലിയാനയുടെ ഭർത്താവിനെ അസ്വസ്ഥനാക്കുകയും ചെയ്യുന്നതോടെ കേസിന് പുതിയൊരു മാനം കൈവരുന്നു.

     നോവലിന്റെ പൂർണ്ണത അന്വേഷിച്ച് ബെഞ്ചമിൻ നടത്തുന്ന യാത്രയാണ് ഈ ചിത്രത്തെ മികച്ച സസ്പെൻസ് ത്രില്ലർ ചിത്രങ്ങളുടെ ശ്രേണിയിലേക്കുയർത്തുന്നത്. മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാർ അവാർഡ്‌ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കി ഈ ചിത്രം. റിക്കാർഡോ ഡാരിനും, സൊലെദാദ് വില്ലമിലും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം ഈ വർഷം ഹോളിവുഡ് റീമേക്കിങിന് ഒരുങ്ങുകയാണ്.
  • രാജ്യം : അർജന്റീന 
  • ഭാഷ : സ്പാനിഷ് 
  • വിഭാഗം : ത്രില്ലർ 
  • വർഷം : 2009
  • സംവിധാനം : ജുവാൻ ജോസ് കാമ്പനെല്ല 

Archive

കോൺടാക്റ്റ് ഫോം

അയക്കുക