ദി ബോഡി | The Body     മോർച്ചറിയിൽ നിന്നും മൈക്ക എന്ന സ്ത്രീയുടെ ശവശരീരം കാണാതാകുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ധനികയും ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയാണവർ. സ്വാഭാവികമായും അവരുടെ മരണശേഷം സ്വത്തുക്കൾ മുഴുവൻ വന്നു ചേരുക ഭർത്താവായ അലക്സിനാണ്. അതുകൊണ്ട് തന്നെ തുടക്കം മുതൽ അയാൾ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ജെയിമിന്റെയും സംഘത്തിന്റെയും നോട്ടപ്പുള്ളി ആയി മാറുന്നു. അലക്സ് തന്നെയാണ് കുറ്റവാളി എന്ന നിഗമനത്തിലെത്തിച്ചേരാൻ പാകത്തിലുള്ള ചില തെളിവുകൾ കൂടി ലഭിക്കുന്നതോടെ അന്വേഷണസംഘം അയാളെ അറസ്റ്റ് ചെയ്യുന്നു.

     എന്നാൽ മൈക്ക ജീവിച്ചിരുപ്പുണ്ടോ ഇല്ലയോ എന്ന സന്ദേഹത്തിലേക്ക് പ്രേക്ഷകനെ തള്ളി വിടുന്നതോട് കൂടി ചിത്രം പുതിയൊരു തലത്തിലേക്ക് നീങ്ങുന്നു. അവസാന കുറച്ച് മിനിറ്റുകള്‍ക്കിപ്പുറം കഥാന്ത്യം ഒരു തരത്തിലും പ്രവചിക്കാനാവാത്ത വിധമാണ് സംവിധായകനായ ഒറിയോൾ പോളോയും ലാറ സെന്റിമും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

     കഥയും, കഥാപാത്രങ്ങള്‍ക്കനുയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുത്തത്തിലെ സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്. അതിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമിട്ട ജോസ് കൊറോനാഡോയും മൈക്കയുടെ ഭർത്താവായി അഭിനയിച്ച ഹ്യൂഗോ സിൽവയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഓറിയോൾ പോളോയുടെ സംവിധാനം ശരാശരിയിലൊതുങ്ങിയപ്പോൾ ഓസ്കാർ ഫോറയുടെ സിനിമാറ്റോഗ്രാഫി മികവുറ്റതായി. 2012ൽ ആണ് ത്രില്ലർ സ്വഭാവമുള്ള ഈ സ്പാനിഷ് ചിത്രം പ്രദർശനത്തിനെത്തിയത്.
  • രാജ്യം : സ്‌പെയിൻ 
  • ഭാഷ : സ്പാനിഷ് 
  • വിഭാഗം : ത്രില്ലർ 
  • വർഷം : 2012
  • സംവിധാനം : ഓറിയോൾ പോളോ

Archive

കോൺടാക്റ്റ് ഫോം

അയക്കുക