ദി പേഷ്യന്‍സ് സ്റ്റോണ്‍ | The Patience Stone     പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ അത്വിഖ് റഹിമിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'ദ പേഷ്യന്‍സ് സ്റ്റോണ്‍'. ഒരു കഥാപാത്രത്തിനും പേരുകള്‍ നല്‍കിയിട്ടില്ല എന്നത് ഒരു പ്രത്യേകതയാണെന്ന് ഈ ചിത്രം കണ്ടപ്പോള്‍ തോന്നുകയുണ്ടായി. ഒരു പക്ഷേ ഒരു ജനതയെ തന്നെ പ്രതീകവത്കരിക്കാനുള്ള സംവിധായകന്റെ ബോധപൂര്‍വ്വമായ ശ്രമമായിരുന്നിരിക്കണം അത്. പുരുഷമേധാവിത്വത്തിനു കീഴില്‍ എരിഞ്ഞമരാന്‍ വിധിക്കപ്പെട്ട അഫ്ഗാന്‍ സ്ത്രീസമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചകളിലേക്കാണ് ചിത്രം നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്.

     സിങ്ങെ സബൂര്‍ (പേഷ്യന്‍സ് സ്റ്റോണ്‍) എന്നത് പേര്‍ഷ്യന്‍ കഥകളിലെ ഒരു കറുത്ത മായാജാലക്കല്ലാണ്. നമുക്ക് നമ്മുടെ ദുഖങ്ങളെല്ലാം അതിനോട് പറയാം. നമ്മുടെ വിഷമങ്ങളെല്ലാം കേട്ട് ഒടുവില്‍ ഒരു നാള്‍ അത് പൊട്ടിത്തെറിക്കും എന്നാണ് വിശ്വാസം. ഇവിടെ കല്ലിനോടുപമിക്കുന്നത് രണ്ടു മക്കളുടെ അമ്മയായ കഥാനായികയുടെ കോമ സ്റ്റേജില്‍ കഴിയുന്ന വൃദ്ധനായ ഭര്‍ത്താവിനെയാണ്. അവള്‍ തന്റെ ദുഖങ്ങളും രഹസ്യങ്ങളും ആഗ്രഹങ്ങലുമെല്ലാം അയാളോട് തുറന്നു പറയുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഭര്‍ത്താവ് ഇതൊന്നും കേള്‍ക്കുന്നില്ല എന്ന തെറ്റിദ്ധാരണയോടെയാണ് അവളുടെ പല ഏറ്റു പറച്ചിലുകളും.

     ദാരിദ്ര്യം, ശാരീരിക മാനസിക പീഢനങ്ങള്‍ എന്നിങ്ങനെ നിരവധി അവസ്ഥകളിലൂടെ അവള്‍ക്ക് സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. ഇതിനിടെ ചെറുപ്പകാരനായ ഒരു പട്ടാളക്കാരനും, ഭര്‍ത്താവിന്റെ രോഗം ഭേദമാക്കാനായെത്തുന്ന മുല്ലയും, വേശ്യയായ അമ്മായിയുമെല്ലാം അവളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. സ്വതന്ത്ര ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത അഫ്ഗാനിസ്ഥാന്‍ പോലൊരു രാജ്യത്ത് നടക്കുന്ന നീതി നിഷേധങ്ങള്‍ക്കും, സാമൂഹിക അസമത്വത്തിനും എതിരെയുള്ള ശക്തമായ താക്കീതാണ് ഈ ചിത്രം. മികച്ച വിദേശഭാഷാചിത്രത്തിനുള്ള എണ്‍പത്തിയഞ്ചാമാത് ഓസ്‌ക്കാര്‍ പുരസ്‌കാരത്തിന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം.
  • രാജ്യം : അഫ്‌ഗാനിസ്ഥാൻ 
  • ഭാഷ : പേർഷ്യൻ
  • വിഭാഗം : ഡ്രാമ
  • വർഷം : 2012 
  • സംവിധാനം : അത്വിഖ് റഹിമി

Archive

കോൺടാക്റ്റ് ഫോം

അയക്കുക