ദി ലൈവ്‌സ് ഓഫ് അദേര്‍സ് | The Lives of Others     ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ രഹസ്യ പോലീസ് സേന ആയിരുന്നു സ്റ്റാസി (ദി മിനിസ്ട്രി ഫോര്‍ സ്റ്റേറ്റ് സെക്യൂരിറ്റി). ഇതിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഗേഡ് വിസ്ലറിന് നാടകകൃത്തായ ജോര്‍ജ്ജ് ഡ്രേമാനെയും അദ്ദേഹത്തിന്റെ കാമുകിയായ മാര്‍ട്ടിന ഗേഡെക്കിനേയും മേലുദ്യോഗസ്ഥരുടെ ആവശ്യപ്രകാരം രഹസ്യമായി നിരീക്ഷിക്കേണ്ടി വരുന്നതാണ് സിനിമയുടെ ഇതിവൃത്തം. രഹസ്യ നിരീക്ഷണത്തിനായി ഇരുവരും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അവരുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് വിസ്ലര്‍ ആദ്യം ചെയ്യുന്നത്.

     അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുക വഴി അയാള്‍ പല പുതിയ സത്യങ്ങളും മനസ്സിലാക്കുകയും തന്റെ ധാരണകള്‍ പലതും തെറ്റായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നു. മന്ത്രിയായ ബ്രൂണോ ഹെംഫ്‌സിന്റെ സ്ഥാപിത താത്പര്യങ്ങളാണ് ഈ രഹസ്യ നിരീക്ഷണത്തിന് പിന്നില്‍ എന്ന് അദ്ദേഹമറിയുക പിന്നീടാണ്. അത് ക്യാപ്റ്റന്‍ ഗേഡ് വിസ്ലറിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിപ്പോവുകയും ചെയ്യുന്നു.

     ഫ്ലോറിയന്‍ ഹെങ്കല്‍ എന്ന ജര്‍മന്‍ സംവിധായകന്റെ പ്രഥമ സംവിധാന സംരഭമായിരുന്നു ഇത്. അഭിനേതാക്കളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍ ഗേഡ് വിസ്ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അനശ്വരമാക്കിയ അള്‍റിച്ച് എന്ന നടന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത വര്‍ഷം മരണത്തിന് കീഴടങ്ങി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 2006 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് 'ദ ലൈവ്‌സ് ഓഫ് അദേര്‍സ്'സ്വന്തമാക്കി.
  • രാജ്യം : ജർമ്മനി 
  • ഭാഷ : ജർമ്മൻ 
  • വിഭാഗം : ത്രില്ലർ  
  • വർഷം : 2006
  • സംവിധാനം : ഫ്ലോറിയാൻ ഹെങ്കൽ വോൺ ഡോണർസ്മാക്ക് 

Archive

കോൺടാക്റ്റ് ഫോം

അയക്കുക