ഗുഡ് ബൈ ലെനിന്‍ | Good Bye Lenin     'ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്' എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ പതനത്തിന് മുമ്പും പിമ്പും അവിടെയുണ്ടായ രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്ഥിതിവിശേഷങ്ങളെ ഒരു കുടുംബ കഥ പശ്ചാത്തലമാക്കി നോക്കിക്കാണുന്ന ചിത്രമാണിത്. മികച്ച ഒരു കഥയുടെ അകമ്പടിയോടെ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ തുറന്നു കാട്ടുകയാണ് സംവിധായകനായ വോള്‍ഫ്ഗാംഗ് ബെക്കര്‍ ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.

     കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചു കൊണ്ട് കിഴക്കേ ബര്‍ലിനിലെ ഒരു കൊച്ചു ഫ്ലാറ്റില്‍ ജീവിക്കുകയാണ് ക്രിസ്റ്റിന്‍ എന്നു പേരായ സ്ത്രീ. മകന്‍ അലക്‌സും, മകളായ എരിയനും അവളുടെ കുഞ്ഞും അടങ്ങുന്നതാണ് ക്രിസ്റ്റിന്റെ കുടുംബം. ഒരു നാള്‍ സ്റ്റാലിനിസ്റ്റ് രീതിയിലുള്ള ഭരണവ്യവസ്ഥയ്ക്ക് എതിരായ റാലിയില്‍ പങ്കെടുക്കുന്ന മകനെ കാണുന്നതോടെ ക്രിസ്റ്റിന്‍ ബോധരഹിതയായി വീഴുകയും കോമ സ്റ്റേജില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.

     ക്രിസ്റ്റിന്‍ കോമ സ്റ്റേജില്‍ ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഇല്ലാതാവുകയും മുതലാളിത്ത വ്യവസ്ഥിതി മടങ്ങി വരികയും പടിഞ്ഞാറേ ജര്‍മ്മനിയോട് കൂടിച്ചേരുകയും ചെയ്യുന്നു. മാസങ്ങള്‍ പിന്നിടുമ്പോള്‍ ക്രിസ്റ്റിന്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി വരികയും മക്കള്‍ ഡോക്ടറോട് അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. ഞെട്ടലുളവാക്കുന്ന ഏതൊരു വാര്‍ത്തയും അവരുടെ ആരോഗ്യനിലയെ സാരമായി ബാധിക്കും എന്ന മുന്നറിയിപ്പോടു കൂടിയാണ് ഡോക്ടര്‍ ക്രിസ്റ്റിനെ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള അനുവാദം നല്‍കുന്നത്. എന്നാല്‍   ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പതനവും, മുതലാളിത്ത വ്യവസ്ഥിതിയുടെ ആവിര്‍ഭാവവും അറിഞ്ഞാല്‍ അത് അമ്മയുടെ മാനസികാവസ്ഥയെ ഏതു നിലയില്‍ ബാധിക്കും എന്ന് നന്നായി എന്നറിയാവുന്ന മകന് അക്കാര്യങ്ങള്‍ അമ്മയില്‍ നിന്ന് ഒളിപ്പിക്കാന്‍ അമ്മയ്ക്ക് വേണ്ടി മാത്രമായി പുതിയൊരു ലോകം തന്നെ തന്നെ സൃഷ്ടിക്കേണ്ടി വരുന്നു. ഒരേ സമയം ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, വേദനിപ്പിച്ചുമുള്ള ചിത്രത്തിന്റെ പ്രയാണമാണ് പിന്നീട് നമുക്ക് കാണാനാവുക.
  • രാജ്യം : ജർമ്മനി 
  • ഭാഷ : ജർമ്മൻ
  • വിഭാഗം : ട്രാജികോമഡി
  • വർഷം : 2003
  • സംവിധാനം : വോൾഫ് ഗാങ്ങ് ബെക്കർ      

Archive

കോൺടാക്റ്റ് ഫോം

അയക്കുക