ജാഫര്‍ പനാഹി

     ഇറാനിയന്‍ നവതരംഗ സിനിമാപ്രസ്ഥാനത്തിന്റെ വക്താക്കളില്‍ മുന്‍നിരക്കാരിലൊരാളാണ് ജാഫര്‍ പനാഹി. 1960 ജൂലൈ 11ന് ഇറാനിലെ മിയാനെയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാന് വേണ്ടി ആര്‍മി ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നത്. തന്റെ യുദ്ധാനുഭവങ്ങള്‍ അദ്ദേഹം ഒരു ഡോക്യുമെന്ററിയായി ചിത്രീകരിച്ചു. 

     സൈനിക സേവനം അവസാനിപ്പിച്ച ശേഷം അദ്ദേഹം സിനിമാപഠനത്തിനായി 'ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിവേഴ്സിറ്റി'യില്‍ ചേര്‍ന്നു. കലാലയ ജീവിതത്തിന് ശേഷം ചില ഡോക്യുമെന്ററികള്‍  അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുകയുണ്ടായി. അതോടൊപ്പം കംബോസിയ പാര്‍ടോവി, അബ്ബാസ് കിയാരൊസ്തമി തുടങ്ങിയ സംവിധായക പ്രതിഭകളുടെ കൂടെ സഹ സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഥമ ചിത്രം 1995-ല്‍ പുറത്തിറങ്ങിയ 'ദ വൈറ്റ് ബലൂണ്‍' ആയിരുന്നു. വന്‍ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ഈ ചിത്രം കാന്‍സ്‌ ചലച്ചിത്രോത്സവത്തില്‍ വെച്ച്  'ഗോള്‍ഡന്‍ ക്യാമറ' പുരസ്കാരത്തിന് അര്‍ഹമായി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാനും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. 

     സംവിധാനം, നിര്‍മ്മാണം, തിരക്കഥാരചന, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഇറാനില്‍ നില നിന്നു പോരുന്ന സ്ത്രീ പുരുഷ അസമത്വത്തിനും കാലഹരണപ്പെട്ട നിയമങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്താന്‍ തന്റെ സിനിമകളിലൂടെ അദ്ദേഹം ശ്രമിച്ചു. രാജ്യത്തിനും, ഗവണ്‍മെന്റിനും എതിരാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലതും  ഇറാനില്‍ ബാന്‍ ചെയ്യുകയും 2010 ഡിസംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കോടതി അദ്ദേഹത്തെ ആറ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൂടാതെ ഇരുപത് വര്‍ഷത്തേക്ക് സിനിമ ചെയ്യാനോ, തിരക്കഥയെഴുതാനോ, പത്രക്കാര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാനോ, രാജ്യം വിട്ട് പുറത്ത് പോകാനോ അദ്ദേഹത്തിന് അനുവാദമില്ല.

     ഈയിടെ ഒരു സുഹൃത്തിനോട് ഇറാനിയന്‍ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ പതിവു പോലെ ജാഫര്‍ പനാഹിയെക്കുറിച്ച് വാചാലനായി. അപ്പോള്‍ അവന്‍ കളിയാക്കിക്കൊണ്ട് ചോദിച്ചു. "ഇറാനിലെ ഒരേയൊരു നല്ല സിനിമാസംവിധായകന്‍ ജാഫര്‍ പനാഹി മാത്രമാണോ?'' എന്ന്. അല്ല എന്നു തന്നെയാണ് ഉത്തരം. ബഹ്മാന്‍ ഗൊബാദി, മജീദ് മജീദി, അബ്ബാസ് കിയാരൊസ്തമി എന്നിങ്ങനെ ജാഫര്‍ പനാഹിയോളമോ അതിലേറെയോ പ്രഗത്ഭരോ, പ്രശസ്തരോ ആയ സംവിധായകരുടെ നീണ്ട നിര തന്നെയുണ്ട് ഇറാനിയന്‍ സിനിമാലോകത്ത്. പക്ഷേ സ്വന്തം ജീവനേക്കാളേറെ സിനിമയെ സ്‌നേഹിക്കുകയും, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകളെ പോലും വെല്ലുവിളിച്ച് തനിക്ക് പറയാനുള്ളത് സിനിമയെന്ന മാധ്യമത്തിലൂടെ വിളിച്ചു പറയുകയും ചെയ്ത ജാഫര്‍ പനാഹിയെ പോലുള്ള സംവിധായകര്‍ ഈ ലോകത്ത് തന്നെ വിരളമാണ്.

     പനാഹി തന്റെ യാത്ര തുടരുകയാണ്. ഭരണകൂടത്തിന്റെ എതിര്‍പ്പുകളെയും തനിക്ക് ലഭിച്ച ആറു വര്‍ഷത്തെ തടവ് ശിക്ഷയേയും ഭയക്കാതെ. ഈയിടെ കോടതി വിധി ലംഘിച്ച് ഒരു മാഗസിന് അഭിമുഖം നല്‍കുക വഴി അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റേതായി ഇനിയും ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങും. അവയോരോന്നും ഭരണകൂടത്തിന്റെ അനീതികള്‍ക്കും ആ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യവും സാംസ്‌കാരികവുമായ അസമത്വത്തിനുമെതിരായ പടവാളുകളായിരിക്കും.

Archive

കോൺടാക്റ്റ് ഫോം

അയക്കുക