ദേവി | Devi     നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന, ഇന്നും നിലനിന്നു പോരുന്ന 'ആള്‍ദൈവം' എന്ന അന്ധവിശ്വാസത്തിനെതിരായിരുന്നു 1960ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രം. പലരും ഇന്നും കൈകാര്യം ചെയ്യാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യുന്ന ഒരു വിഷയമാണ് അഞ്ച് ദശകങ്ങള്‍ക്ക് മുമ്പ് സത്യജിത് റേ തന്റെ സിനിമയ്ക്കായി തിരഞ്ഞെടുത്തത് എന്ന കാര്യം കൂടി നാം ഓര്‍മ്മിക്കണം. അപുര്‍ സന്‍സാര്‍ എന്ന ചിത്രത്തിലേതു പോലെ സൗമിത്ര ചാറ്റര്‍ജിയും, ഷര്‍മ്മിള ടാഗോറുമാണ് ഈ ചിത്രത്തിലെയും നായികാനായകന്മാര്‍. ജല്‍സാഘര്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഛബി ബിശ്വാസും ഇതില്‍ ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

     ബംഗാളിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടുത്തെ ഗ്രാമപ്രമുഖരിലൊരാളാണ്‌ ഛബി ബിശ്വാസ് അവതരിപ്പിക്കുന്ന കാളികിങ്കര്‍ റോയ്. പേരിനെ അന്വര്‍ത്ഥമാക്കും വിധം കടുത്ത കാളീഭക്തനാണ് അദ്ദേഹം. വിഭാര്യനായ അദ്ദേഹത്തിന്റെ കൂടെ രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും താമസിക്കുന്നുണ്ട്.

     ഇളയ മകനായ ഉമാപ്രസാദ് (സൗമിത്ര ചാറ്റര്‍ജി) ഭാര്യയായ ദയാമയിയെ (ഷര്‍മ്മിള ടാഗോര്‍) വീട്ടിലാക്കി കല്‍ക്കത്തയിലേക്ക് പരീക്ഷ എഴുതാനായി പോകുന്നു. ആ സമയത്താണ് കാളികിങ്കര്‍ റോയ് തന്റെ മരുമകളായ ദയാമായി ദേവിയാണെന്ന് സ്വപ്നം കാണുന്നത്. തുടര്‍ന്ന് ദയാമായി ദേവിയായി അവരോധിക്കപ്പെടുന്നു. ഒരു കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കുക കൂടി ചെയ്തതോടെ ആ വിശ്വാസത്തിന് ബലം വയ്ക്കുകയും കൂടുതല്‍ ആളുകള്‍ ഭക്തിപൂര്‍വ്വം ദയാമയിയെ കാണാന്‍ അവിടേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു.

     കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചു വന്ന ഉമാപ്രസാദ് ഈ വിവരങ്ങളറിഞ്ഞ് തീര്‍ത്തും നിരാശനാകുന്നുണ്ടെങ്കിലും ഭാര്യയെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നു. എന്നാല്‍ താന്‍ ദേവിയാണെന്ന് സ്വയം വിശ്വസിക്കുന്ന ഭാര്യയെയാണ് പിന്നീട് ഉമാപ്രസാദിന് കാണാനാവുക. ഒരു കുരുന്നു ജീവന്‍ ദയാമയിയുടെ കയ്യില്‍ കിടന്ന് പൊലിയുക കൂടി ചെയ്യുന്നതോടെ ദയാമയി മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുകയും അവിടം വിട്ടുപോകുകയും ചെയ്യുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു. ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ഷര്‍മ്മിള ടാഗോര്‍, ഛബി ബിശ്വാസ് എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
  • രാജ്യം : ഇന്ത്യ 
  • ഭാഷ : ബംഗാളി 
  • വിഭാഗം : ഡ്രാമ 
  • വർഷം : 1960      
  • സംവിധാനം : സത്യജിത് റേ

Archive

കോൺടാക്റ്റ് ഫോം

അയക്കുക