ദ ഫാദര്‍ | The Father


     മജീദിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ദ ഫാദര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അച്ഛന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു മകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. പതിവ് മജീദ് മജീദ് ചിത്രങ്ങൾ പോലെ റിയലിസ്റ്റിക് സ്വഭാവത്തിൽ തന്നെയാണ് ഈ ചിത്രത്തിന്റെയും സഞ്ചാരം

     മെഹറുള്ള എന്ന കൗമാരക്കാരനാണ് ചിത്രത്തിലെ നായകന്‍. തുണിത്തരങ്ങളും ആഭരണങ്ങളുമെല്ലാം വാങ്ങിക്കൂട്ടുന്ന മെഹറുള്ളയുടെ ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന നഗരത്തില്‍ നിന്നും ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുകയാണ് അവന്‍. 

     നാട്ടില്‍ ബസിറങ്ങിയ അവന്‍ ആദ്യം കാണുന്നത് ലത്തീഫ് എന്ന തന്റെ സുഹൃത്തിനെയാണ്. അച്ഛന്റെ മരണശേഷം താന്‍ നഗരത്തിലേക്ക് യാത്രയായപ്പോള്‍ തന്റെ അമ്മ ഒരു പോലീസുകാരനെ വിവാഹം ചെയ്തു എന്ന കാര്യം മെഹറുള്ള അറിയുന്നത് ആ കൂട്ടുകാരനില്‍ നിന്നുമാണ്. അമ്മയും സഹോദരിമാരും താമസിക്കുന്ന വീട്ടിലെത്തുമ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞത് സത്യമാണെന്നറിയുകയും അമ്മയ്ക്കും സഹോദരിമാര്‍ക്കുമായി വാങ്ങിയ സമ്മാനങ്ങള്‍ മുഴുവന്‍ അവന്‍ അവിടെ വലിച്ചെറിഞ്ഞ് പോവുകയും ചെയ്യുന്നു. തന്റെ അച്ഛന്റെ സ്ഥാനത്ത് ഒരിക്കലും മെഹറുള്ളയ്ക്ക് അയാളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. അവൻ അയാളെ നേരിടാനായി ഇറങ്ങിപ്പുറപ്പെടുകയാണ്. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ അവനിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ കഥ വികസിക്കുന്നു.

     യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ മുൻവിധികളോടെയുള്ള പെരുമാറ്റങ്ങൾ ജീവിതത്തെ ഏതെല്ലാം വിധത്തിൽ മാറ്റിമറിക്കുമെന്ന് ചിത്രം കാണിച്ചു തരുന്നു. മജീദ്‌ മജീദിയോടോപ്പം സയിദ് മെഹ്ദി ഷോജായ് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മെഹറുള്ളയുടെ വേഷം ചെയ്ത ഹാസന്‍ സദേഹി എന്ന പയ്യന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. മജീദ്‌ മജീദിയുടെ മറ്റു ചിത്രങ്ങളിലേതു പോലെ ഇറാനിലെ ഗ്രാമക്കാഴ്ചകളാല്‍ സമൃദ്ധമാണ് ഈ സിനിമയും. 
  • രാജ്യം : ഇറാൻ 
  • ഭാഷ : പേർഷ്യൻ 
  • വിഭാഗം : ഡ്രാമ 
  • വർഷം : 1996    
  • സംവിധാനം : മജീദ്‌ മജീദി

Archive

കോൺടാക്റ്റ് ഫോം

അയക്കുക