നമുക്കും സിനിമ എടുക്കാം-പുസ്തക പരിചയം

   സിനിമ വിഷയമാക്കി ഒട്ടനവധി പുസ്തകങ്ങള്‍ മലയാളത്തില്‍ പിറവിയെടുത്തിട്ടുണ്ട്. എന്നാല്‍ സാഹിത്യകാരനും അദ്ധ്യാപകനുമായ പി.കെ ഭരതന്‍ എഴുതിയ "നമുക്കും സിനിമയെടുക്കാം എന്ന പുസ്തകം അവയില്‍ നിന്നെല്ലാം വ്യത്യസ്തമാവുന്നത് അതിന്റെ ലാളിത്യം കൊണ്ടും ഒരല്‍പ്പം പോലും മടുപ്പുളവാക്കാത്ത രചനാരീതികൊണ്ടുമാണ്. 110 രൂപയാണ് ഗ്രീന്‍ ബുക്സ് പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ വില.

     ഒരു വിദ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിന്റെ കഥയിലൂടെ അത്യന്തം രസകരമായാണ് ചെറുതും വലുതുമായ സിനിമാക്കാര്യങ്ങളത്രയും ഗ്രന്ഥകര്‍ത്താവ് വിവരിച്ചു തരുന്നത്. വിദ്യാര്‍ത്ഥികളെ മാത്രമുള്‍പ്പെടുത്തി ഒരു സിനിമയെടുക്കാം എന്ന ആശയം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുമ്പോള്‍ നമ്മളും അറിയാതെ ആ സിനിമയുടെ ഭാഗമായി മാറുന്നു. പ്രകാശ് ബാബു എന്ന സിനിമാപ്രേമിയായ അദ്ധ്യാപകനാണ്‌ ഈ പുസ്തകത്തിലെ പ്രധാന  കഥാപാത്രങ്ങളിലൊന്ന്. ഒരു പക്ഷേ ഒരദ്ധ്യാപകന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവിന്റെ ജീവിതാനുഭവങ്ങള്‍ കൂടിയായിരുന്നിരിക്കണം പ്രകാശ് ബാബു എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് നിദാനമായിത്തീര്‍ന്നത്. അജിത്ത് എന്ന വിദ്യാര്‍ത്ഥിയിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. മറ്റു കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും  കുട്ടികളും അദ്ധ്യാപകരും തന്നെയാണ്.  ഹിറ്റ്‌ലര്‍ മാഷിനേപ്പോലെയുള്ള കഥാപാത്രങ്ങള്‍ സിനിമാചിന്തകള്‍ക്കിടയില്‍  ചിരിക്കും വക നല്‍കുന്നു.

     ഇറാനിയന്‍ സംവിധായകനായ മജീദ്‌ മജീദി, ലൂയി ബുനുവല്‍, ഗോദാര്‍ദ്ദ്, സത്യജിത്‌ റേ തുടങ്ങിയ ലോകപ്രശസ്ത സംവിധായകര്‍ മുതല്‍ മലയാളത്തിന്റെ സ്വന്തം ജെ.സി ഡാനിയേലും അടൂര്‍ ഗോപാലകൃഷ്ണനും വരെയുള്ള ഒരുപാട് സംവിധായകരെക്കുറിച്ചും ചില്‍ഡ്രന്‍  ഓഫ് ഹെവന്‍, വേര്‍ ഈസ്‌ മൈ ഫ്രണ്ട്സ് ഹോം, സ്റ്റാര്‍വാര്‍സ്, ടൈറ്റാനിക്ക്, ജുറാസിക്ക് പാര്‍ക്ക്, വിഗതകുമാരന്‍  തുടങ്ങി ഒട്ടനവധി സിനിമകളെക്കുറിച്ചും ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നു.

     സിനിമാ ചിത്രീകരണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തല്‍ തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. കഥയുടെ ആലോചന മുതല്‍ റിലീസിംഗ് വരെയുള്ള ഓരോ ഘട്ടങ്ങളെക്കുറിച്ചും വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. തിരക്കഥാ രചന, അഭിനേതാക്കളെ  കണ്ടെത്തല്‍, മേക്കപ്പ്, ഛായാഗ്രഹണം, നിര്‍മ്മാണം, സംവിധാനം, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സിനിമാസംബന്ധിയായ  ഉപകരണങ്ങളെക്കുറിച്ചും, വിവിധതരം ഷോട്ടുകളെക്കുറിച്ചുള്ള വിവരണവും ഏറെ ഉപയോഗപ്രദമാണ്. സിനിമ ബുദ്ധിജീവികളുടെയോ, ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകളുടെയോ മാത്രം കുത്തകയല്ലെന്നും സാധാരണക്കാരായ ആളുകള്‍ക്കും അതിനാവുമെന്നും ഈ പുസ്തകം പറയാതെ പറയുന്നു. സിനിമയെന്ന വളരെ ബൃഹത്തായ ഒരു വിഷയത്തെ വളരെ സരളമായി നമ്മുടെ മുന്നിലവതരിപ്പിച്ച ഗ്രന്ഥകര്‍ത്താവ് വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. 

ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന സിനിമകള്‍:
      ചില്‍ഡ്രന്‍  ഓഫ് ഹെവന്‍, വേര്‍ ഈസ്‌ മൈ ഫ്രണ്ട്സ് ഹോം, സ്റ്റാര്‍വാര്‍സ്, ടൈറ്റാനിക്ക്, ജുറാസിക്ക് പാര്‍ക്ക്, വിഗതകുമാരന്‍, താരെ സമീന്‍ പര്‍, അണ്‍ഷീന്‍ അന്‍ഡാല, ദാറ്റ് ഒബ്സ്ക്യൂര്‍ ഓബ്ജക്റ്റ് ഓഫ് ഡിസയര്‍, പഥേര്‍ പാഞ്ചാലി, കാഞ്ചനസീത, എലിപ്പത്തായം, ന്യൂസ് പേപ്പര്‍ ബോയ്‌, മാര്‍ത്താണ്ഡവര്‍മ്മ, ബാലന്‍, ജ്ഞാനാംബിക, പ്രഹ്ലാദന്‍, നിര്‍മ്മല, വെള്ളിനക്ഷത്രം, നല്ല തങ്ക, നീലക്കുയില്‍, സ്നേഹസീമ, രാരിച്ചന്‍ എന്ന പൗരന്‍, ജീവിത നൗക, ഷോലേ.

പ്രതിപാദിക്കപ്പെടുന്ന സംവിധായകര്‍:
      മജീദ്‌ മജീദി, ലൂയി ബുനുവല്‍, ഗോദാര്‍ദ്ദ്, സത്യജിത്‌ റേ, ജെ.സി ഡാനിയേല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ചാര്‍ളി ചാപ്ലിന്‍, അരവിന്ദന്‍, പി.രാമദാസ്, ജോണ്‍ എബ്രഹാം, ഭരതന്‍, പി.എന്‍ മേനോന്‍, പദ്മരാജന്‍, മോഹന്‍, പവിത്രന്‍, പി.എ ബക്കര്‍, ടി .വി. ചന്ദ്രന്‍, രാമു കാര്യാട്ട്, എം.ടി. വാസുദേവന്‍ നായര്‍, ആഡ്രെ ടര്‍ക്കോവ്സ്ക്കി.

പ്രതിപാദിക്കപ്പെടുന്ന പുസ്തകങ്ങള്‍:

ഈ പുസ്തകം എനിക്ക് സമ്മാനിക്കുകയും അതിനെക്കുറിച്ച് ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിക്കുകയും ചെയ്ത അന്‍വരികളുടെ ഉടമയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. 

Archive

കോൺടാക്റ്റ് ഫോം

അയക്കുക