മലയാള സിനിമയിലെ തുടര്‍ച്ചകളും പുനസ്സൃഷ്ടികളും ഭാഗം-2


തുടര്‍ച്ചകളും തളര്‍ച്ചകളും:

     സിനിമകളിലെ തുടര്‍ച്ചകള്‍ കൊണ്ട് സിനിമാലോകത്തിനോ, പ്രേക്ഷകസമൂഹത്തിനോ എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് നിസ്സംശയം പറയാം. തുടര്‍ച്ചകളായി വന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയങ്ങളോ, ദയനീയ പരാജയങ്ങളോ ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യ സിനിമയുമായുള്ള താരതമ്യവും, പ്രേക്ഷകരുടെ അമിത പ്രതീക്ഷയും ഒരു പരിധി വരെ അവയുടെ പരാജയത്തിന് കാരണമായിട്ടുണ്ടാവാം. എന്നാല്‍ അക്കാരണം കൊണ്ടാണ് സീനിയര്‍ മാന്‍ഡ്രേക്ക്, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍, ലിസമ്മയുടെ വീട്, വീണ്ടും കണ്ണൂര്‍,കാന്ധഹാര്‍, ആഗസ്റ്റ്‌-15 തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ പാടേ തകര്‍ന്നടിഞ്ഞത് എന്ന് പറയാനാവില്ല. ബലഹീനമായ തിരക്കഥകള്‍ വച്ച് പടച്ചുണ്ടാക്കിയ മോശം സിനിമകളായിരുന്നു അവയെല്ലാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവയെല്ലാം പരാജയപ്പെടേണ്ട ചിത്രങ്ങള്‍ തന്നെയായിരുന്നു.

     ചെങ്കോല്‍, രാവണപ്രഭു, സി.ബി.ഐ സീരീസ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, പട്ടണപ്രവേശം, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ അപൂര്‍വ്വം ചില ചിത്രങ്ങള്‍ മാത്രമേ ആദ്യ സിനിമയോട് നീതി പുലര്‍ത്തിയുള്ളൂ. ടു ഹരിഹര്‍ നഗര്‍ പോലെയുള്ള മോശം സിനിമകളാവട്ടെ ആദ്യ ചിത്രത്തിന്റെ നിഴല്‍ മാത്രമായൊതുങ്ങിയെങ്കിലും സാമ്പത്തികനേട്ടം കൈവരിച്ചു എന്ന വിരോധാഭാസവും ഉണ്ടായി. ആദ്യ ചിത്രത്തില്‍ ഏറെ കയ്യടി വാങ്ങിയ പല രംഗങ്ങളും രണ്ടാമത്തെ ചിത്രത്തിലും അത് പോലെ തന്നെയോ ചെറിയൊരു വ്യത്യാസത്തോടു കൂടിയോ പുനരവതരിപ്പിക്കുക എന്ന പ്രവണതയും ഈ ശ്രേണിയില്‍പ്പെട്ട ചിത്രങ്ങളില്‍ കാണാം.(കിലുക്കം കിലുകിലുക്കം, ഗീതാഞ്ജലി, സീനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈ ആവര്‍ത്തനം ദൃശ്യമാണ് ). അത് തീര്‍ത്തും അസഹനീയം തന്നെയാണെന്ന് പറയാതെ വയ്യ.

മലയാള സിനിമയിലെ പുനസ്സൃഷ്ടികള്‍:

     പുനസ്സൃഷ്ടികളും തുടര്‍ച്ചകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് വേണം പറയാന്‍. പ്രധാനമായും രണ്ടു വിധത്തിലാണ് പുനസൃഷ്ടികള്‍ സംഭവിക്കുന്നത്.

1.പഴയകാല മലയാള ചിത്രങ്ങളുടെ പുനസൃഷ്ടികള്‍.
2.മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്കും തിരിച്ചുമുള്ള പുനസൃഷ്ടികള്‍.

     ധാരാളം മലയാളസിനിമകള്‍ അന്യഭാഷകളില്‍ പുനസ്സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പല ഭാഷകളിലുള്ള സിനിമകളും മലയാള സിനിമ കടമെടുത്തിട്ടുമുണ്ട്. ആ പ്രവണതയെ ഒരിക്കലും നമുക്ക് പൂര്‍ണ്ണമായും കുറ്റപ്പെടുത്താനാവില്ല. നമ്മുടെ രാജ്യത്ത് പല നാടുകളിലും വിഭിന്നരീതികളിലുള്ള വേഷവും, ഭാഷയും, ജീവിതരീതികളുമെല്ലാമാണുള്ളത്. അതുകൊണ്ട്‌ ഒരു ഭാഷയില്‍ ഇറങ്ങിയ ചിത്രം മറ്റു ഭാഷക്കാര്‍ കണ്ടെന്നു വരില്ല. ഉദാഹരണമായി ഒരു മലയാള ചിത്രം ഹിന്ദി മാത്രം അറിയാവുന്നയാള്‍ ഒരിക്കലും കാണാനിടയില്ല. അഥവാ ഡബ്ബ് ചെയ്ത് അവിടെ പ്രദര്‍ശിപ്പിച്ചാല്‍ തന്നെ അവിടുത്തെ പ്രേക്ഷകര്‍ക്ക് അത് ദഹിച്ചെന്നു വരില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആ ചിത്രം പ്രസ്തുത ഭാഷയില്‍ പുനസ്സൃഷ്ടിക്കുക എന്നത് മാത്രമാണ് ഒരേയൊരു പോം വഴി.

     എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ കഥയിലോ സംഭാഷണങ്ങളിലോ പോലും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെ പുനസ്സൃഷ്ടിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്...? പുനസ്സൃഷ്ടിക്കുന്നതാകട്ടെ ചട്ടക്കാരി, രതിനിര്‍വ്വേദം, രാസലീല തുടങ്ങിയ 'ഒരേ വകുപ്പില്‍' പെട്ട ചിത്രങ്ങളും. അതുകൊണ്ടു തന്നെ ഇത്തരം ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നവരുടെ ചേദോവികാരം എന്തെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പദ്മരാജന്‍, ഭരതന്‍ തുടങ്ങിയ മഹാപ്രതിഭകളുടെ സിനിമകളെയെല്ലാം സാമ്പത്തിക ലാഭത്തിനു വേണ്ടി ഈ വിധം അപമാനിക്കുന്നത് ആ മഹാരഥന്‍മാരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. എം-ടി വാസുദേവന്‍ നായര്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറവിയെടുത്ത നീലത്താമര മാത്രമാണ് ഇതിനൊരപവാദം. 2009-ല്‍ ആണ് ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര തിയേറ്ററുകളില്‍ എത്തിയത്. അര്‍ച്ചന കവി, കൈലാഷ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് എം.ടി. വാസുദേവന്‍ നായര്‍-യൂസഫലി കേച്ചേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നീലത്താമര എന്നു തന്നെ പേരായ ചിത്രത്തിന്റെ പുനര്‍ജ്ജന്മമായിരുന്നു ഇത്. അംബിക, രവികുമാര്‍, ബഹദൂര്‍ തുടങ്ങിയവരായിരുന്നു ആദ്യത്തെ നീലത്താമരയില്‍ വേഷമിട്ടത്. പുനരാവിഷ്കരിക്കപ്പെട്ട ആദ്യകാല ചിത്രങ്ങളിലൊന്നാണ്  സ്വന്തമെവിടെ ബന്ധമെവിടെ എന്ന ചിത്രം. ശശികുമാറിന്റെ സംവിധാനത്തില്‍ 1984-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണിത്. ശശികുമാറിന്റെ തന്നെ സംവിധാനത്തില്‍ 1965-ല്‍  പ്രദർശനത്തിനെത്തിയ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രം. മോഹന്‍ലാല്‍, ലാലു അലക്സ്, സ്വപ്ന, മേനക, ജോസ് പ്രകാശ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

     എന്നാല്‍ 1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വ്വേദം എന്ന ചിത്രം2011-ല്‍ അതേ പേരില്‍ വീണ്ടുമെത്തിയപ്പോള്‍ ഏതു തരത്തില്‍പ്പെട്ട സിനിമകളാണ് പുനസ്സൃഷ്ടിക്ക് വിധേയമാക്കുന്നത് എന്നതിന്റെ ഏകദേശരൂപം പ്രേക്ഷകര്‍ക്ക് കിട്ടിത്തുടങ്ങി. പദ്മരാജന്റെ തൂലികയില്‍ പിറന്ന് ഭരതന്‍ സംവിധാനം ചെയ്ത ആദ്യത്തെ രതിനിര്‍വ്വേദം അക്കാലത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആ ഹിറ്റ്‌ 2011-ലും ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ രതിനിര്‍വ്വേദത്തിന്റെ രണ്ടാം ഭാഗത്തിന് ചുക്കാന്‍ പിടിച്ചവരുടെ ഉദ്ദ്യേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു എന്നു മാത്രം.

     ഭരതന്റെ സംവിധാനത്തില്‍ 1981-ല്‍  പുറത്തിറങ്ങിയ നിദ്രയുടെ പുനരാവിഷ്കരണമാണ് 2012 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ നിദ്ര. ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണിത്. സിദ്ധാര്‍ഥ് തന്നെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ജിഷ്ണു, സരയു, തലൈവാസല്‍ വിജയ്, രാജീവ് പരമേശ്വരന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

     പിന്നീട്  സംഭവിച്ച പുനസ്സൃഷ്ടികളെല്ലാം രതിനിര്‍വ്വേദത്തിന്റെ പാത പിന്തുടരുന്നതാണ് കണ്ടത്. ചട്ടക്കാരിയുടേതായിരുന്നു അടുത്ത ഊഴം. 1974-ല്‍ പമ്മന്റെ കഥയ്ക്ക് തോപ്പില്‍ ഭാസി തിരക്കഥ രചിച്ച് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി 2012-ല്‍ വീണ്ടുമെത്തി. ലക്ഷ്മി, അടൂര്‍ ഭാസി, മോഹന്‍ ശര്‍മ്മ തുടങ്ങിയവര്‍ ആദ്യ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ ഷംന കാസിം, ഇന്നസെന്റ്, ഹേമന്ദ് മേനോന്‍ തുടങ്ങിയ അഭിനേതാക്കള്‍ പുതിയ ചട്ടക്കാരിയില്‍ അണിനിരന്നു. മജീദ്‌ മാറഞ്ചേരി സംവിധാനം ചെയ്ത് 2012-ല്‍ പ്രദര്‍ശനത്തിനെത്തിയ രാസലീലയും ഈ ശ്രേണിയില്‍പ്പെട്ട ചിത്രമായിരുന്നു. ജയസുധയേയും കമലഹാസനേയും നായികാ നായകന്മാരാക്കി എസ്. ശങ്കരന്‍ നായര്‍ അണിയിച്ചൊരുക്കിയ രാസലീല(1975) എന്നു തന്നെ പേരായ ചിത്രത്തിന്റെ പുനസ്സൃഷ്ടിയായിരുന്നു ഇത്.

വേണ്ടതും വേണ്ടാത്തതും:

      'കൈ നനയാതെ മീന്‍ പിടിയ്ക്കുക എന്ന' ചിന്ത തന്നെയാണ് പുനസ്സൃഷ്ടികള്‍ക്കും തുടര്‍ച്ചകള്‍ക്കും പിന്നില്‍. ഇങ്ങനെ പടച്ചുണ്ടാക്കുന്ന സിമകള്‍ക്ക് ലാഭം പലതാണ്. തുടര്‍ച്ചകള്‍ക്കാണെങ്കില്‍ ആദ്യ സിനിമയുടെ പേര് പറഞ്ഞ്‌ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാം.  പുനസ്സൃഷ്ടികള്‍ക്കാണെങ്കില്‍ കഥ, തിരക്കഥ,സംഭാഷണം ഇവയെല്ലാം ആദ്യ ചിത്രത്തില്‍ നിന്ന് വളരെ മാന്യമായി മോഷ്ടിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പുതിയ കഥ വച്ച് സിനിമയെടുക്കുന്നവര്‍ അനുഭവിക്കേണ്ട പല ബുദ്ധിമുട്ടുകളും ഇക്കൂട്ടര്‍ക്ക് അനുഭവിക്കേണ്ടതില്ല. പറങ്കിമല, ശരപഞ്ജരം, അവളുടെ രാവുകള്‍, ഉയരങ്ങളില്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളളുടെ പുനസ്സൃഷ്ടികള്‍ വൈകാതെ നമ്മെ തേടിയെത്തും എന്നാണ് കേള്‍ക്കുന്നത്. അതുപോലെ സാമ്രാജ്യം, ഈ പറക്കും തളിക, ഹണി ബീ ഇവയുടെയെല്ലാം തുടര്‍ച്ചകളും വരുന്നുണ്ടത്രേ.

       മലയാള സിനിമ ഇന്നത്തെ അവസ്ഥയില്‍ എത്തി നില്‍ക്കുന്നതിനു പിറകില്‍ ഒട്ടേറെ പേരുടെ പ്രയത്നവും യാതനകളുമെല്ലാ മുണ്ട്. സിനിമയെ വളരെ ഗൗരവമായിക്കാണുന്ന വലിയൊരു വിഭാഗം ജനങ്ങളും നമ്മുടെ നാട്ടിലുണ്ട്. സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രം ഇതുപോലുള്ള  പുനസ്സൃഷ്ടികളും തുടര്‍ച്ചകളുമെല്ലാം നടത്തുന്നവര്‍ ഓര്‍ക്കേണ്ട പ്രധാന വസ്തുതയും അതു തന്നെയാണ്. മാറ്റം കൊതിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്നാവശ്യം പുനസ്സൃഷ്ടികളോ, തുടര്‍ച്ചകളോ, കോപ്പിയടികളോ ഒന്നുമല്ല. അവര്‍ ആഗ്രഹിക്കുന്നത്  ഇത്രയും കാലം കേട്ടു മടുത്ത കഥകളില്‍ നിന്നും വിഭിന്നമായതും മലയാളത്തിന്റെ കയ്യൊപ്പു പതിഞ്ഞതുമായ നല്ല കഥകളുടെ ദൃശ്യാവിഷ്കാരമാണ്....അതിനായി കാത്തിരിക്കാം...

Archive

കോൺടാക്റ്റ് ഫോം

അയക്കുക