വാള്‍-ഇ | Wall-E


     700 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഭൂമിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് വാള്‍-ഇ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം. ഒരു സാങ്കല്‍പ്പിക കഥയാണെങ്കില്‍ പോലും ഇന്നു നാം ഭൂമിയോട് ചെയ്യുന്ന തെറ്റുകളുടെ ഫലം വരും തലമുറയെ എത്രത്തോളം ഭീകരമായിട്ടായിരിക്കും ബാധിക്കുക എന്ന വലിയൊരു സത്യം ഈ സിനിമ നമുക്ക് പറഞ്ഞു തരുന്നു.

     കഥ നടക്കുന്ന കാലത്ത് ഇലക്ടോണിക് ഉപകരണങ്ങളും, ചപ്പുചവറുകളും കൊണ്ട് നിറഞ്ഞ ഭൂമി വലിയൊരു  ചവറ്റുകൂനയ്ക്ക് സമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. പരിസ്ഥിതി നശീകരണം അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്നതിനാല്‍ ഭൂമി മനുഷ്യവാസയോഗ്യമല്ലാതായിതീരുകയും മനുഷ്യര്‍ ആക്‌സിയം എന്നു പേരായ ബഹിരാകാശ പേടകത്തെ അഭയം പ്രാപിക്കുകയും ചെയ്യുന്നു. അവിടേയ്ക്ക് പോകും മുമ്പ് മനുഷ്യര്‍ ഭൂമി വൃത്തിയാക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നത് വാള്‍-ഇ (വേസ്റ്റ് അലോക്കേഷന്‍ ലോഡ് ലിഫ്റ്റര്‍-എര്‍ത്ത്) എന്നു പേരായ റോബോട്ടുകളെയാണ്. അവസാനം ഒരേയൊരു വാള്‍-ഇ മാത്രം ഭൂമിയില്‍ അവശേഷിക്കുന്നു. യന്ത്രമാണെങ്കിലും സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള കഴിവ് അതിനുണ്ട്. വേസ്റ്റുകള്‍ കൊണ്ട് വലിയ കെട്ടിടങ്ങള്‍ പണിയുകയാണ് വാള്‍-ഇയുടെ ജോലി.  ജോലിക്കിടയില്‍ ലഭിക്കുന്നവയില്‍ തനിക്ക് കൗതുകം തോന്നുന്ന പല വസ്തുക്കളും അത് തന്റെ വാസസ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു. ഒരു നാള്‍ വാള്‍-ഇ ഒരു ചെടി കാണുകയും അത് ഒരു ഷൂസിനകത്ത് മണ്ണു നിറച്ച് ഭദ്രമായി വയ്ക്കുകയും ചെയ്യുന്നു.

     അടുത്ത നാള്‍ ആക്‌സിയത്തില്‍ നിന്നും ഒരു ശൂന്യാകാശ നൗക ഭൂമിയിലെത്തുന്നു. അതില്‍ നിന്നും പുറത്തിറങ്ങുന്നത് ഈവ് (എക്‌സ്ട്രാ ടെറസ്ട്രിയല്‍ വെജിറ്റേഷന്‍ ഇവാലുവേറ്റര്‍) എന്നു പേരായ ഒരു റോബോട്ടാണ്. ഭൂമിയില്‍ മരങ്ങളുടെയും ചെടികളുടെയും സാന്നിദ്ധ്യം ഇപ്പോഴും ഉണ്ടോ എന്നറിയുക എന്നതാണ് ആ റോബോട്ടിന്റെ ദൗത്യം. ഭൂമിയിലെ ഏകാന്തവാസത്താല്‍ അതീവ ദുഖിതനായിരുന്ന വാള്‍-ഇ ഈവിനെ കണ്ട പാടേ അതുമായി പ്രണയത്തിലാവുന്നു. എന്നാല്‍ ഈവ് വാള്‍-ഇയെ ഗൗനിക്കുന്നേയില്ല. ഒടുവില്‍ വാള്‍-ഇ തന്റെ വാസസ്ഥലത്തേയ്ക്ക് ഈവിനെ കൂട്ടിക്കൊണ്ടു ചെല്ലുകയും താന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന വസ്തുക്കളുടെ കൂട്ടത്തിലുള്ള ചെടി കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. തന്റെ ശരീരത്തിലെ ഒരറയില്‍ ഈവ് ആ ചെടി വയ്ക്കുകയും അതോടെ ഈവിന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയും അത് തിരിച്ച് ബഹിരാകാശത്തേയ്ക്ക് മടങ്ങാനുള്ള സിഗ്നല്‍ നല്‍കുകയും ചെയ്യുന്നു.

     കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഈവിനെ തിരിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ ശൂന്യാകാശ നൗക വീണ്ടും ഭൂമിയിലെത്തുകയാണ്. അതില്‍ കയറാന്‍ അനുവാദമില്ലാതിരുന്നിട്ടും ഈവിന്റെ കൂടെ വാള്‍-ഇയും ആ വാഹനത്തില്‍ കയറി ആക്‌സിയം എന്ന ബഹിരാകാശ പേടകത്തില്‍ എത്തിച്ചേരുന്നു. അവിടെ കാണാനാവുക ആരോഗ്യമില്ലാത്തതും, അധ്വാനിക്കാത്തതുമായ മനുഷ്യവര്‍ഗ്ഗത്തെയാണ്. സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് അവര്‍. അവര്‍ക്കിടയിലേക്കാണ് ഭൂമിയിലെ ചെടിയുമായി ഇരുവരും എത്തിച്ചേരുന്നത്. ആ ചെടി അവിടുത്തെ മനുഷ്യരെ സുപ്രധാനമായ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുകയും, ആ തീരുമാനം അവരെ വളരെ വലിയൊരു മാറ്റത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. പ്രകൃതിയോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ കൃത്യമായ ഒരു ഗുണപാഠം ഈ ചിത്രം നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.  2008ല്‍  പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുകയുണ്ടായി.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ് 
  • ഭാഷ : ഇംഗ്ലീഷ് 
  • വിഭാഗം : ആനിമേഷൻ 
  • വർഷം : 2008   
  • സംവിധാനം : ആൻഡ്രൂ സ്റ്റേന്റൺ   

Archive

കോൺടാക്റ്റ് ഫോം

അയക്കുക