ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ | Turtles can fly


     സിനിമകള്‍ ചിലപ്പോള്‍ നമുക്ക് സമ്മാനിക്കുന്നത് സന്തോഷമായിരിക്കും, മറ്റു ചിലപ്പോള്‍ തീരാനൊമ്പരവും. ചില സിനിമകള്‍ കണ്ട് പുറത്തിറങ്ങുന്നതോടെ അതിന്റെ കഥയും കഥാപാത്രങ്ങളും എല്ലാം നമ്മുടെ മനസ്സിനെ വിട്ടകലും. പക്ഷേ ചില സിനിമകളും അതിലെ കഥാപാത്രങ്ങളും ഒരുപാടു കാലം നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ എന്ന സിനിമ കണ്ടപ്പോള്‍ അത്തരത്തില്‍ ഒരനുഭവമാണ് ഉണ്ടായത്. ആ സിനിമയും അതിലെ കഥാപാത്രങ്ങളും മനസ്സില്‍ സൃഷ്ടിച്ച വിങ്ങല്‍ വിട്ടുമാറാന്‍ വല്ലാതെ പാടുപെടേണ്ടി വന്നു. അത്രയേറെ ഹൃദയ സ്പര്‍ശിയാണ് ഈ ചിത്രം. ഇറാനിയന്‍ സംവിധായകനായ ബഹ്മാന്‍ ഗൊബാദിയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 

     അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇറാഖ്  തുര്‍ക്കി അതിര്‍ത്തി പ്രദേശത്തെ ഒരു ഗ്രാമത്തിലും അവിടുത്തെ അഭയാര്‍ത്ഥി ക്യാമ്പിലും ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രധാന കഥാപാത്രങ്ങളെല്ലാം കുട്ടികളാണ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

     ആ പ്രദേശത്തെ ആളുകള്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ സമീപിക്കുന്നത് 'സാറ്റലൈറ്റ് ' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന കൗമാരക്കാരന്‍ പയ്യനെയാണ്. അവനാണ് അവിടുത്തുകാര്‍ക്ക് സാറ്റലൈറ്റ് ആന്റിനകള്‍ സ്ഥാപിച്ചു കൊടുക്കുന്നത്. പറയത്തക്ക ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലെങ്കിലും ടെലിവിഷനിലെ ഇംഗ്ലീഷ് വാര്‍ത്തകള്‍ കണ്ട് അവ തര്‍ജ്ജമ ചെയ്യാനും അവന്‍ തന്നെ വേണം. അവന്റെ വാലായി പാഷോവ് എന്നൊരു ബാലനും ഉണ്ട്. ആയിടയ്ക്കാണ് അഗ്രിന്‍ എന്ന അഭയാര്‍ഥിപ്പെണ്‍കുട്ടി അന്ധനായ ഒരു കൊച്ചുകുട്ടിയ്‌ക്കൊപ്പം അവര്‍ക്കരികില്‍ എത്തുന്നത്. ഇരുകൈകളും നഷ്ടപ്പെട്ട പ്രവചനങ്ങള്‍ നടത്താന്‍ കഴിവുള്ള ഒരു സഹോദരനുമുണ്ട് അവള്‍ക്ക്. അവളോട്  സാറ്റലൈറ്റിന് അടുപ്പം തോന്നുന്നു. അവന്‍ പല തരത്തില്‍ അവളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുന്നു. 

     അവളുടെ മുഖത്ത് സദാ നിറഞ്ഞു നില്‍ക്കുന്ന ദുഖത്തിനു കാരണം ആ കുഞ്ഞാണെന്നും, അത് എന്തുകൊണ്ടാണെന്നുമുള്ള തിരിച്ചറിവ് വലിയൊരു ഞെട്ടലിലേക്ക്  നമ്മെ നയിക്കുന്നു. അഗ്രിനിലൂടെയും സാറ്റലൈറ്റിലൂടെയും ആ കുഞ്ഞിലൂടെയുമാണ് കഥ മുന്നോട്ട് നീങ്ങുന്നത്. കളിപ്പാട്ടങ്ങളോടൊപ്പം കഴിയേണ്ട സമയത്ത് ജീവൻ നിലനിർത്താൻ പാടുപെടുന്ന ഒരു കൂട്ടം കുട്ടികളുടെയും നിസ്സഹായരായ ഒരു ജനതയുടെയും കഥ പറയുന്ന ചിത്രമാണിതെന്ന് പറയാം. സദ്ദാം ഹുസൈനിന്റെ പതനത്തിന് ശേഷം ഇറാഖിൽ പുറത്തിറങ്ങിയ ആദ്യ ചലചിത്രം കൂടിയാണിത്.
  • രാജ്യം : അഫ്‌ഗാനിസ്ഥാൻ 
  • ഭാഷ : കുർദിഷ് 
  • വിഭാഗം : വാർ ഡ്രാമ 
  • വർഷം : 2004     
  • സംവിധാനം : ബഹ്മാൻ ഗൊബാദി

Archive

കോൺടാക്റ്റ് ഫോം

അയക്കുക