ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് | Schindler's List     ഒരു ചരിത്ര സംഭവത്തെക്കുറിച്ച് സിനിമ ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. കാരണം ചരിത്രത്തോട്  നീതി പുലര്‍ത്തുക, പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നീ രണ്ട് ദൗത്യങ്ങള്‍ ഒരേ സമയം നിര്‍വ്വഹിക്കേണ്ടതായി വരും. രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഷിന്‍ഡ്‌ലേഴ്‌സ്  ലിസ്റ്റ് എന്ന ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റീവന്‍ അലന്‍ സ്പില്‍ബര്‍ഗ് എന്ന വിഖ്യാത ചലച്ചിത്ര സംവിധായകനെക്കുറിച്ച് പറയാന്‍ ഒരു മുഖവുരയുടെ ആവശ്യമില്ല.  സേവിംഗ് പ്രൈവറ്റ് റയാന്‍, ദി എക്‌സ്ട്രാ ടെറസ്ട്രിയല്‍, ജൂറാസിക് പാര്‍ക്ക്, ജോസ്  തുടങ്ങിയ നിരവധി മഹത്തര സൃഷ്ടികള്‍ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നു തന്നെ പറയാവുന്ന സിനിമയാണ് ഷിന്‍ഡ്‌ലേഴ്‌സ്  ലിസ്റ്റ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതവംശത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി നാസികള്‍ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളുടെ  ദൃശ്യരൂപമൊരുക്കിയിരിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ.
           
     മെഴുകുതിരികള്‍ കത്തിച്ചുവെച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ഒരു കുടുംബത്തെ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. മെഴുകുതിരികള്‍ അണയുന്നതോടു കൂടി സ്‌ക്രീനില്‍ നിന്നും നിന്നും നിറങ്ങളും അപ്രത്യക്ഷമാകുന്നു. ചിത്രത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഏതാനും മിനിറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി സമയം മുഴുവനും ബ്ലാക്ക് ആന്റ് വൈറ്റ് ആയിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ പൂര്‍ണതയ്ക്കും, കഥ നടക്കുന്ന കാലഘട്ടത്തോട് നീതി പുലര്‍ത്തുന്നതിനും വേണ്ടിയായിരിക്കണം ഇത്രയും ധീരമായ ഒരു തീരുമാനമെടുക്കാന്‍ സംവിധായകന്‍ തയ്യാറായത്.

     യുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളം പോളിഷ് ആര്‍മിയെ പരാജയപ്പെടുത്തുന്നതോടുകൂടി  അവിടുത്തെ ജൂതവംശജരെ മുഴുവന്‍ അവര്‍ ക്രാക്കോ എന്ന നഗരത്തിലേക്ക് എത്തിക്കുന്നു. പ്രതിദിനം പതിനായിരത്തിലധികം ജൂതന്മാരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. അവര്‍ക്കിടയിലേക്കാണ് വ്യവസായിയായ ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ എത്തിച്ചേരുന്നത്. യുദ്ധത്തെ ഒരു വ്യവസായിയുടെ കണ്ണു കൊണ്ട് കാണുന്നയാളാണ്  ഷിന്‍ഡ്‌ലര്‍. യുദ്ധം തനിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കുക എന്നതാണ് അയാളുടെ ചിന്ത. അയാള്‍ അവിടെ പാത്രങ്ങളും മറ്റുപകരണങ്ങളും  ഉണ്ടാക്കുന്ന ഒരു ഫാക്ടറി തുടങ്ങുന്നു. ഉദ്യോഗസ്ഥരെ മുഴുവന്‍ പണവും, മദ്യവും നല്കി പാട്ടിലാക്കുന്നതോടു കൂടി ഫാക്ടറി തുടങ്ങാനുള്ള പ്രതിബന്ധങ്ങളെല്ലാം മാറിക്കിട്ടുന്നു. മാത്രവുമല്ല നാസി പാര്‍ട്ടിയില്‍ അയാള്‍ക്കുള്ള അംഗത്വവും അയാളുടെ നീക്കങ്ങള്‍ക്ക് കരുത്തേകുന്നു.

     ഇഷാക്ക് സ്‌റ്റേണ്‍ എന്നു പേരായ ഒരു അക്കൗണ്ടന്റും അയാള്‍ക്ക് സഹായിയായുണ്ട്.  ഫാക്ടറിയില്‍ ജൂതന്മാരെ നിയമിക്കുകയും മറ്റും ചെയ്യുന്നത് അയാളാണ്. നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്ന കാലമായതിനാല്‍ ഷിന്‍ഡ്‌ലറുടെ ഫാക്ടറിയില്‍ ജോലി നേടുക എന്നത് മരണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ്. ഷിന്‍ഡ്‌ലറില്‍ നിന്നും വത്യസ്തനാണ് അക്കൗണ്ടന്റ് ആയ ഇഷാക്ക്. അയാള്‍ പരമാവധി ജൂതന്മാരെ ഫാക്ടറിയില്‍ തൊഴിലാളികളായി നിയമിക്കുകയും അതുവഴി അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നു. മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് മുന്‍പരിചയം ഉണ്ടെന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കൊണ്ടാണ് അയാള്‍ ഫാക്ടറിയില്‍ ജോലി തരപ്പെടുത്തികൊടുക്കുന്നത്. ഷിന്‍ഡ്‌ലറുടെ ഫാക്ടറിയില്‍ ജോലി നേടിയാല്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താം എന്നൊരു ധാരണ പരക്കുന്നതോടു കൂടി അനര്‍ഹമായി ജോലി നേടുന്നവരുടെ എണ്ണം ഫാക്ടറിയില്‍ വര്‍ദ്ധിച്ചു വരുന്നു. ആദ്യമാദ്യം ഷിന്‍ഡ്‌ലര്‍ ഇതിനെ വളരെ ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍  ജൂതന്മാര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ നേരിട്ടു കാണുമ്പോള്‍ അയാളിലെ നല്ല മനുഷ്യന്‍ ഉണരുകയും അയാള്‍ ജൂതന്മാരുടെ രക്ഷകനായിത്തീരുകയും ചെയ്യുന്നു.

     ദുഷ്ടതയുടെ പര്യായമായ അമോണ്‍ ഗോയ്ത്ത് എന്ന നാസി പട്ടാളക്കാരന്‍, അയാളുടെ വേലക്കാരിയായ ഹെലന്‍ എന്ന ജൂതയുവതി, ചുവന്ന കോട്ടിട്ട ജൂതബാലിക... എന്നിങ്ങനെ പല ജീവിതസാഹചര്യങ്ങളിലും, മാനസികാവസ്ഥകളിലുമുള്ള ഒട്ടേറെ കഥാപാത്രങ്ങളും, ഹൃദയ ഭേദകമായ ഒരുപാട് രംഗങ്ങളും ഉണ്ട് ഈ ചിത്രത്തില്‍. ഓസ്‌ട്രേലിയന്‍ നോവലിസ്റ്റായ തോമസ് കെനേലി എഴുതിയ ബുക്കര്‍ പ്രൈപസ് നേടിയ 'ഷിന്‍ഡ്‌ലേഴ്‌സ് ആര്‍ക്ക്' എന്ന നോവലാണ് ഈ സിനിമയ്ക്കാധാരം. ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഈ ചിത്രം പന്ത്രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം നേടുകയും അതില്‍ ഏഴ് ഓസ്‌ക്കാറുകള്‍ കരസ്ഥമാക്കുകയും ചെയ്തു.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ് 
  • ഭാഷ : ഇംഗ്ലീഷ് 
  • വിഭാഗം : ഹിസ്റ്റോറിക്കൽ ഡ്രാമ 
  • വർഷം : 1993       
  • സംവിധാനം : സ്റ്റീവൻ സ്പിൽബർഗ് 

Archive

കോൺടാക്റ്റ് ഫോം

അയക്കുക