സിനിമായനം | Cinemayanam

    

     സിനിമയെന്ന മാദ്ധ്യമത്തെ നിങ്ങളെങ്ങനെയാണ് കാണുന്നത് എന്നുള്ള ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളായിരിക്കും ഉണ്ടാവുക. ചില ആളുകള്‍ക്ക് സിനിമ കാണുന്നതേ വെറുപ്പായിരിക്കും. എന്നാല്‍ സിനിമ കാണുന്നത് ഇഷ്ടപ്പെടുകയും, അതൊരു വിനോദോപാധിയായി കണക്കാക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഏറിയ പങ്കും. സിനിമയെ വളരെ സീരിയസ് ആയി കാണുന്നവരും കുറവല്ല. സിനിമ തന്നെയാണ് ജീവിതം എന്നു കരുതുന്ന ഒരു ന്യൂനപക്ഷവും നമുക്കിടയിലുണ്ട്. ഏതു തരത്തിലുള്ള സിനിമയാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ അതിനും ഉണ്ടാവും ഒരുപാട് ഉത്തരങ്ങള്‍. പ്രമേയം, ഭാഷ, താരങ്ങള്‍... ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ പലര്‍ക്കും പല തരത്തിലുള്ള സിനിമകളോടായിരിക്കും പ്രിയം. ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്ന മറ്റൊരു മാദ്ധ്യമം വേറെയില്ലെന്ന് നിസ്സംശയം പറയാം. ഓരോ സിനിമ ഇറങ്ങുമ്പോഴും അത് നമുക്കിടയില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങളും, ചര്‍ച്ചകളും, വിവാദങ്ങളും എടുത്തു നോക്കിയാല്‍ തന്നെ അത് സത്യമാണെന്ന് മനസ്സിലാവുകയും ചെയ്യും.

     സിനിമയെന്നാല്‍ മലയാള സിനിമയെന്നു തെറ്റിദ്ധരിച്ചിരുന്നൊരു ബാല്യമായിരുന്നു എന്റേത്. അതിനപ്പുറം മറ്റു പല ഭാഷകളിലും നല്ല സിനിമകള്‍ ഉണ്ടെന്നു മനസ്സിലാക്കിയതും, അവ കാണാന്‍ ആരംഭിച്ചതും പിന്നീടാണ്. സിനിമയെ വെറുമൊരു നേരമ്പോക്കായി മാത്രം കണ്ടിരുന്ന എന്നെ ഒരു സിനിമാപ്രേമിയാക്കി മാറ്റിയതില്‍ എനിക്കുണ്ടായ ചില അനുഭവങ്ങള്‍ക്കും പങ്കുണ്ട്. അവ പിന്നീട് പറയാം. ലോക സിനിമയുമായി ബന്ധപ്പെട്ട എന്റെ പരിമിതമായ അറിവുകള്‍ നിങ്ങളുമായി പങ്കു വയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബ്ലോഗ് ആരംഭിക്കുന്നത്. നാം തീര്‍ച്ചയായും കാണേണ്ട ലോകസിനിമകള്‍ പരിചയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. സിനിമയുമായി ബന്ധപ്പെട്ട വ്യക്തികളെ സംബന്ധിച്ച വിവരങ്ങളും, മറ്ററിവുകളും എല്ലാം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

-സസ്‌നേഹം സംഗീത്.

Archive

കോൺടാക്റ്റ് ഫോം

അയക്കുക