ദി കളര്‍ ഓഫ് പാരഡൈസ് | The color of paradise

     എനിക്ക് ഏറെയിഷ്ടപ്പെട്ട ഇറാനിയൻ സംവിധായകരിലൊരാളാണ് മജീദ് മജീദി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഫാദര്‍ തുടങ്ങിയ മനോഹര  ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. ലളിതവും അതീവ ഹൃദയസ്പര്‍ശിയുമാണ് അദ്ദേഹത്തിന്റെ  ചിത്രങ്ങളോരോന്നും. 1999ലാണ് മുഹമ്മദ് എന്ന അന്ധബാലന്റെ കഥ പറയുന്ന 'ദ കളര്‍ ഓഫ് പാരഡൈസ് ' എന്ന അദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങിയത് . അന്ധത എന്ന അവസ്ഥ മനുഷ്യരിലും, മനുഷ്യ ജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും, ആ അവസ്ഥയെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

     ഗ്രാമത്തില്‍ നിന്നും വിട്ടുമാറി ടെഹ്രാനിലുള്ള ഒരു ആന്ധ വിദ്യാലയത്തിലാണ് മുഹമ്മദ് പഠിക്കുന്നത്. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ കുട്ടികളെല്ലാവരും  രക്ഷിതാക്കളോടൊപ്പം തങ്ങളുടെ വീടുകളിലേക്ക് യാത്രയാകുന്നു. മനസ്സിലാമനസ്സോടെ വളരെ വൈകിയാണ് മുഹമ്മദിന്റെ പിതാവ് മകനെ കൂട്ടിക്കൊണ്ടു പോകാന്‍ സ്‌കൂളില്‍ എത്തുന്നത്. വേനലവധി തീരും വരെ മകനെ സ്‌കൂളില്‍ തന്നെ നിര്‍ത്താന്‍ കഴിയുമോ എന്ന് പിതാവ് അന്വേഷിക്കുകയും, അത് സാദ്ധ്യമല്ല എന്ന് പറഞ്ഞ്  പ്രധാനാധ്യാപകന്‍ അയാളെ ശകാരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പിതാവ് മകനെയും കൂട്ടി ഗ്രാമത്തിലേക്ക് പുറപ്പെടുന്നു.

     വീട്ടിലെത്തിയ മുഹമ്മദ് മുത്തശ്ശിയേയും, സഹോദരിമാരേയും കണ്ട് അതീവ സന്തുഷ്ടനാകുന്നു. എന്നാല്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വിഭാര്യനായ മുഹമ്മദിന് തന്റെ അന്ധനായ മകന്‍ ഒരു അധികപ്പറ്റായി അനുഭവപ്പെടുന്നു. തന്റെ ഭാവി സുഖകരമായ ഭാവി ജീവിതത്തിന് മകൻ വിലങ്ങുതടിയായേക്കാമെന്ന ചിന്ത മകൻ ഇല്ലാതായെങ്കിൽ എന്ന ആഗ്രഹത്തിലേക്ക് അയാളെ നയിക്കുകയാണ്.  പിതാവിന്റെ മാനസികമായ അന്ധതയ്ക്ക് മുന്നിൽ മകന്റെ കണ്ണുകളിലെ ഇരുളിച്ച വിജയം കൈവരിക്കുന്നത് അവന്റെ മനസ്സിലെ നന്മ ഒന്നുകൊണ്ട് മാത്രമാണ്.

     മുഹമ്മദിന്റെ മുത്തശ്ശിയാകട്ടെ സ്വന്തം മകന്റെ ചെയ്തികളിൽ ഭയമുള്ളവളും മുഹമ്മദിനോട് അതിയായ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവളുമാണ്. കരയിൽ കിടന്ന് പിടഞ്ഞ് ജീവൻ നഷ്ടമാവേണ്ടിയിരുന്ന മത്സ്യത്തെ തോട്ടിലേക്ക് വിടുന്ന രംഗം സ്നേഹത്തിന്റെയും കരുതലിന്റെയും നന്മയുടെയും ഓർമ്മപ്പെടുത്തലായി മാറുന്നു.
മത്സ്യത്തെ തോട്ടിലുപേക്ഷിക്കുമ്പോൾ വെള്ളത്തിൽ വീണുപോകുന്ന സമ്മാനപ്പൊതി വലിയ ചില നേട്ടങ്ങൾ സംഭവിക്കു‌ന്ന അനിവാര്യമായ നഷ്ടങ്ങളെ കാണിച്ചു തരുന്നു.

     ഭൗതികമായ അന്ധതയേക്കാൾ എത്രയോ ഭീകരമാണ് മനുഷ്യമനസ്സുകളിൽ പടർന്ന് പിടിക്കുന്ന അന്ധതയെന്ന് കാണിച്ചു തരികയാണ് ചിത്രം.
  • രാജ്യം : ഇറാൻ 
  • ഭാഷ : പേർഷ്യൻ 
  • വിഭാഗം : ഡ്രാമ 
  • വർഷം : 1999      
  • സംവിധാനം : ജാഫർ പനാഹി 

Archive

കോൺടാക്റ്റ് ഫോം

അയക്കുക